‘വിശ്വാസി യുക്തിയെ ചോദ്യം ചെയ്യില്ല’… ശബരിമല കേസിൽ സുപ്രധാന നിരീക്ഷണവുമായി ജസ്റ്റിസ് നാഗരത്ന

ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹർജികൾ പരിഗണിക്കവെ സുപ്രീംകോടതിയിൽ സുപ്രധാന നിരീക്ഷണവുമായി ജസ്റ്റിസ് നാഗരത്ന. ഒരു വിശ്വാസി ഒരിക്കലും തന്റെ യുക്തിയെ ചോദ്യം ചെയ്യില്ലെന്നും, അവിശ്വാസികൾ അവിശ്വാസികളായി തുടരുന്ന സാഹചര്യത്തിൽ അവർ ആചാരങ്ങളെ ചോദ്യം ചെയ്യേണ്ട കാര്യമില്ലെന്നും ജസ്റ്റിസ് നാഗരത്ന നിരീക്ഷിച്ചു.

മുൻ ശബരിമല തന്ത്രി കണ്ഠരവ് രാജീവർക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ വി.വി. ഗിരി കോടതിയിൽ ശക്തമായ വാദങ്ങളാണ് ഉന്നയിച്ചത്. ഓരോ ക്ഷേത്രത്തിലെയും ആചാരങ്ങളും ചടങ്ങുകളും വ്യത്യസ്തമാണെന്നും അവ മതത്തിന്റെ അവിഭാജ്യ ഘടകമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആരാധനാ നിയമങ്ങളിൽ എന്തെങ്കിലും തരത്തിലുള്ള ലംഘനമോ വ്യതിചലനമോ ഉണ്ടായാൽ അത് പ്രതിഷ്ഠയുടെ പവിത്രതയെ ബാധിക്കുമെന്നും വി.വി. ഗിരി വാദിച്ചു.

ശബരിമലയിലെ പ്രതിഷ്ഠ ‘നൈഷ്ഠിക ബ്രഹ്മചാരി’ എന്ന സങ്കല്പത്തിലാണെന്ന് അദ്ദേഹം കോടതിയെ ഓർമ്മിപ്പിച്ചു. “പ്രതിഷ്ഠയുടെ സ്വഭാവസവിശേഷതകൾ കാരണം ഒരു സ്ത്രീക്ക് അവിടെ പ്രവേശിക്കാൻ കഴിയില്ലെങ്കിൽ, ആ സ്ത്രീ മതത്തിന്റെ പ്രത്യേകതകളുമായി അതിനെ സമന്വയിപ്പിക്കാൻ തയ്യാറാകണം. കേരളത്തിലെ ഭൂരിഭാഗം സ്ത്രീകളും ഈ ആചാരത്തിന്റെ പ്രാധാന്യം മനസ്സിലാക്കുകയും പൂർണ്ണഹൃദയത്തോടെ സഹകരിക്കുകയും ചെയ്യുന്നുണ്ട്,” വി.വി. ഗിരി കോടതിയിൽ പറഞ്ഞു. കേരളത്തിലെ സമൂഹം ആചാരങ്ങളെ മതത്തിന്റെ അവിഭാജ്യ ഘടകമായാണ് കാണുന്നത്. അതുകൊണ്ട് തന്നെ പ്രതിഷ്ഠയുടെ പ്രത്യേകതകൾക്ക് മുൻഗണന നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേസിൽ സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് വാദം തുടരുകയാണ്.

Related Articles

Back to top button