കടുത്ത ചൂട്… കൊല്ലം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു

കൊല്ലം: ജില്ലയിൽ അന്തരീക്ഷ താപനില റെക്കോർഡ് നിലയിലേക്ക് ഉയരുന്ന പശ്ചാത്തലത്തിൽ നാളെ (വെള്ളിയാഴ്ച) വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
ജില്ലയിൽ ചൂട് 40 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്ന കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിനെത്തുടർന്നാണ് മുൻകരുതൽ നടപടിയായി അവധി പ്രഖ്യാപിച്ചത്. സൂര്യാഘാതം ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കാനാണ് കളക്ടറുടെ ഈ ഇടപെടൽ.
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചെങ്കിലും മുൻനിശ്ചയിച്ച പ്രകാരമുള്ള പൊതുപരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റമുണ്ടായിരിക്കില്ല. ഇവ കൃത്യസമയത്ത് തന്നെ നടക്കുമെന്ന് അധികൃതർ വ്യക്തമാക്കി. പാലക്കാട്, കൊല്ലം, തൃശൂർ ജില്ലകളിൽ ഉഷ്ണതരംഗത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരുന്നു. ഇതിനുപിന്നാലെയാണ് കൊല്ലം ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകാൻ തീരുമാനിച്ചത്. കുട്ടികൾ പകൽ സമയം പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്നും ധാരാളം വെള്ളം കുടിക്കണമെന്നും ആരോഗ്യവകുപ്പ് നിർദ്ദേശിച്ചിട്ടുണ്ട്.



