വെടിക്കെട്ട് പുരയിലെ സ്ഫോടനം: മരിച്ച മൂന്ന് പേരെ തിരിച്ചറിഞ്ഞു; സ്ഫോടന സ്ഥലത്തെ ഇന്നത്തെ പരിശോധന പൂർത്തിയായി

തൃശ്ശൂരിലെ പടക്ക നിർമാണ കേന്ദ്രത്തിൽ ഉ​ഗ്ര സ്ഫോടനത്തിൽ മരിച്ച 3 പേരെ തിരിച്ചറിഞ്ഞു. സുദർശൻ (54) പഴയന്നൂർ വെണ്ണൂർ സ്വദേശി, വാസുദേവൻ (54) പാലക്കാട് കുമരനല്ലൂർ സ്വദേശി, സുവിൻ (40) തൃശ്ശൂർ കുണ്ടന്നൂർ സ്വദേശി എന്നിവരാണ് മരിച്ചത്. സ്ഫോടന സ്ഥലത്തെ ഇന്നത്തെ പരിശോധന പൂർത്തിയായി. നാളെ രാവിലെ വീണ്ടും പരിശോധന പുനരാരംഭിക്കും. അതേസമയം സ്‌ഫോടനത്തിൽ പരിക്കേറ്റ 13 പേരുടെ വിവരങ്ങൾ ലഭിച്ചു. മുണ്ടത്തിക്കോട് സ്വദേശികളായ ബാബു (57), സുഭദ്ര (68), അനിത (50), അഖിൽ (30), പഴയന്നൂർ സ്വദേശി വിദ്യ കുമാർ (48), രജീഷ് (40), വിഷ്ണു (30), പ്രവീൺ (45)- വെന്റിലേറ്റർ, ബേൺസ് ഐസിയു), ബാബു (56)- ബേൺസ് ഐസിയു), സതീഷ് (ബേൺസ് ഐസിയു), വേലൂർ സ്വദേശി സാജൻ (38) -എലൈറ്റ് ഹോസ്പിറ്റൽ), ഹരി (40) -ബേൺസ് ഐസിയു), ഭവാനി (65), സുന്ദരൻ (46) എന്നിവർക്കാണ് അപകടത്തിൽ പരിക്കുപറ്റിയത്.

വൈകിട്ട് മൂന്നരയോടെയാണ് അപകടം ഉണ്ടായത്. മുണ്ടത്തിക്കോടുള്ള വെടിക്കെട്ട് പുരയിലാണ് സ്ഫോടനം ഉണ്ടായത്. നിരവധി തൊഴിലാളികൾക്ക് പൊള്ളലേറ്റതായാണ് ലഭ്യമാകുന്ന വിവരം. തൃശൂർ പൂരത്തിനുള്ള തിരുവമ്പാടി വിഭാഗത്തിന്റെ സാമ്പിൾ പുരയിലാണ് അപകടം ഉണ്ടായത്. സ്ഫോടന ശേഷം പ്രദേശത്ത് വീണ്ടും പൊട്ടിത്തെറികൾ ഉണ്ടായി. അഞ്ച് താത്ക്കാലിക പുരകളിലായാണ് പടക്ക നിർമാണം നടന്നത്. അഞ്ചിടത്തും തീ പടർന്നു. സ്ഫോടന വസ്തുക്കൾ നിർവീര്യമാക്കാത്തതിനാലും പ്രദേശത്ത് പുക നിറഞ്ഞതിനാലും രക്ഷാപ്രവർത്തനത്തിന് നേരിയ തടസ്സം നേരിടുന്നുണ്ട്. പടക്ക നിർമാണ ശാലയിൽ എത്ര പേർ ജോലിക്ക് ഉണ്ടായിരുന്നു എന്നതിൽ വ്യക്തതയില്ല. പലരും ചിതറി തെറിച്ചു പോയെന്നാണ് സംശയം. ശരീര ഭാഗങ്ങൾ പാടത്തു നിന്നും കണ്ടെടുത്തിരുന്നു.

Related Articles

Back to top button