കാൽ വിരലിന് അലർജിയെ തുടർന്ന് കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സയ്‌ക്കെത്തി, പതിനഞ്ചുകാരന് നൽകിയത്..

കാൽ വിരലിന് അലർജിയുണ്ടായതിനെത്തുടർന്ന് കാസർകോട് കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടിയെത്തിയ കുട്ടിക്ക് നൽകിയത് കാലാവധി കഴിഞ്ഞ മരുന്നെന്ന് പരാതി. പൈവളിഗെ ബായാർ കുടുംബാരോഗ്യ കേന്ദ്രത്തിൽ എത്തിയ പതിനഞ്ചുകാരനാണ് കാലാവധി കഴിഞ്ഞ മരുന്ന് നൽകിയത്. ജൂലൈ മാസത്തിൽ കാലാവധി അവസാനിച്ച മരുന്നാണ് കുട്ടിക്ക് ആശുപത്രിയിൽ നിന്നും നൽകിയത്. ആൻറിബയോടിക്ക് മരുന്നായിരുന്നു ഇത്. ഡോക്ടർ കുറിച്ച് നൽകിയ മരുന്ന് ആശുപത്രിയിലെ ഫാർമസിൽ നിന്നുതന്നെയാണ് വാങ്ങിയത്. ഇത് മൂന്നുദിവസം കഴിക്കുകയും ചെയ്തു. ഇതിന് ശേഷമാണ് മരുന്ന് കാലാവധി കഴിഞ്ഞതാണ് എന്ന കാര്യം കണ്ടെത്തുന്നത്. പിന്നാലെ കുട്ടിയുടെ മാതാപിതാക്കൾ ആശുപത്രിയിലെത്തി ഇക്കാര്യം അധികൃതരെ ബോധ്യപ്പെടുത്തി. എന്നാൽ ഡോക്ടർ വിഷയം നിസാരവത്കരിച്ചെന്നാണ് കുടുംബം ആരോപിക്കുന്നത്. തുടർന്ന് ഇവർ ഡിഎംഒയ്ക്ക് പരാതി നൽകുകയായിരുന്നു.




