‘അപരിചിതന്റെ വിമാനത്തിലല്ല മുഖ്യമന്ത്രി യാത്ര ചെയ്തത്’… ഉടമ എന്റെ മണ്ഡലത്തിലെ….

കൊച്ചി: മുഖ്യമന്ത്രി വി.ഡി. സതീശന്റെ വിമാനയാത്രയെച്ചൊല്ലിയുള്ള വിവാദങ്ങളിൽ പ്രതികരണവുമായി നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ. മുഖ്യമന്ത്രി സഞ്ചരിച്ച വിമാനത്തിന്റെ ഉടമ തന്റെ നിയോജകമണ്ഡലത്തിലുള്ള ആളും വ്യക്തിപരമായി അടുത്ത ബന്ധമുള്ള വ്യക്തിയുമാണെന്ന് തിരുവഞ്ചൂർ പറഞ്ഞു. കോൺഗ്രസ് പ്രസ്ഥാനവുമായി ചേർന്ന് പ്രവർത്തിക്കുന്ന കുടുംബമാണിതെന്നും കുടുംബത്തിന്റെ ചടങ്ങുകളിൽ താൻ പതിവായി പങ്കെടുക്കാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
മുഖ്യമന്ത്രി അപരിചിതരായ ആരുടെയും സഹായമല്ല സ്വീകരിച്ചതെന്നും തിരുവഞ്ചൂർ കൊച്ചിയിൽ മാധ്യമങ്ങളോട് പറഞ്ഞു. വിമാനത്തിന്റെ ഉടമ കോൺഗ്രസിന്റെ മുതിർന്ന നേതാവാണെന്നും തനിക്ക് വോട്ട് ചെയ്യുന്ന കുടുംബമാണിതെന്നും തിരുവഞ്ചൂർ പറഞ്ഞു. വോട്ടർമാരും സുഹൃത്തുക്കളുമായ ഒരു കുടുംബത്തിൽ നിന്ന് താൽക്കാലികമായി സഹായം ലഭിച്ചതിൽ അസ്വാഭാവികതയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വിമാനം ഉടമയുടെ ഭാര്യയുടെ പേരിലുള്ളതാണെന്നും തിരുവഞ്ചൂർ പറഞ്ഞു. ചെറിയ തർക്കങ്ങളിലും വിഷയങ്ങളിലും സമയം കളയാതെ ജനങ്ങളെ നേരിട്ട് ബാധിക്കുന്ന കാര്യങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഓരോ ഘട്ടത്തിലെയും സാഹചര്യങ്ങൾക്കനുസരിച്ചാണ് തീരുമാനങ്ങൾ എടുക്കുന്നതെന്നും പറഞ്ഞു. മന്ത്രിമാരുടെ വിദേശയാത്രകളുമായി ബന്ധപ്പെട്ട് ഉയരുന്ന ചോദ്യങ്ങൾക്ക്, കൃത്യമായ നടപടിക്രമങ്ങൾ പൂർത്തിയാക്കാതെയുള്ള യാത്രകൾ നടത്താൻ കഴിയില്ലെന്നും തിരുവഞ്ചൂർ വ്യക്തമാക്കി.



