കാണാതായിട്ട് ഇന്ന് 46ാം ദിവസം; കണ്ണൂർ പെരിങ്ങത്തൂരിലെ 17കാരൻ ശിവസൂര്യയുടെ..

പെരിങ്ങത്തൂരിലെ 17കാരൻ ശിവസൂര്യയുടെ തിരോധാനത്തിൽ നടപടിയുമായി നാട്ടുകാർ. ആക്ഷൻ കമ്മിറ്റി രൂപീകരിക്കാൻ നാട്ടുകാർ തീരുമാനിച്ചു. ഓഗസ്റ്റ് 8നാണ് ശിവസൂര്യ വീട് വിട്ടിറങ്ങിയത്. മാതാപിതാക്കൾ മൊബൈൽ ഫോൺ വാങ്ങിവെച്ചതിൻ്റെ പേരിലാണ് കാശിക്ക് പോകുന്നുവെന്ന കുറിപ്പെഴുതി വെച്ച ശേഷം 3000 രൂപയും രണ്ട് ജോഡി വസ്ത്രങ്ങളുമായി ശിവസൂര്യ പോയത്.
പൊലീസ് അന്വേഷണം നടത്തിയിട്ടും ഇതുവരെ ഒരു തുമ്പുമില്ല. കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കാശിക്ക് പോകുന്നുവെന്ന് കുറിപ്പെഴുതി വച്ച് ശിവസൂര്യ വീട് വിട്ടിട്ട് ഇന്ന് 46 ദിവസം ആകുകയാണ്. പ്രത്യേക അന്വേഷണ സംഘം കേരളത്തിനകത്തും പുറത്തും തെരഞ്ഞതാണ്. ഒരു സിസിടിവി ക്യാമറയിൽ പോലും ശിവസൂര്യയുടെ ദൃശ്യം ഇല്ലാത്തതാണ് എസ്ഐടിയെ പ്രതിസന്ധിയിലാക്കിയത്.
താൻ കാശിയിലേക്ക് പോവുന്നു, ഇനിയുള്ള ജീവിതം അവിടെ ജീവിച്ച് ദൈവത്തിൽ അലിയും’ എന്നിങ്ങനെയായിരുന്നു കുറിപ്പ്. കൈയിലെ കാശ് തീരുമ്പോൾ മകൻ തിരിച്ചുവരുമെന്ന് മാതാപിതാക്കൾ കരുതിയിരുന്നു. ശിവസൂര്യയ്ക്കായി പാലക്കാട്, കൊല്ലം, കോഴിക്കോട്, കാസർകോട് ജില്ലകളിലും കർണാടകത്തിലെ മംഗളൂരുവിലും മൈസുരുവിലും പൊലീസ് സംഘം പരിശോധന നടത്തിയിരുന്നെങ്കിലും ഒരു സൂചനയും ലഭിച്ചിരുന്നില്ല. ചൊക്ലി രാമവിലാസം സ്കൂളിലെ പ്ലസ്ടു വിദ്യാർത്ഥിയാണ് ശിവസൂര്യ.



