ഇടിമിന്നലേറ്റ് ചരിഞ്ഞ പല്ലാട്ട് ബ്രഹ്മദത്തന് വിട നൽകി ആനപ്രേമികൾ; പൊട്ടിക്കരഞ്ഞ്..

കേരളത്തിലെ ഉത്സവങ്ങളിൽ തലയെടുപ്പോടെ മുന്നിൽനിന്ന ഗജവീരൻ പല്ലാട്ട് ബ്രഹ്മദത്തന് വിട. കഴിഞ്ഞദിവസമാണ് ഇടിമിന്നലേറ്റ് പല്ലാട്ട് ബ്രഹ്മദത്തൻ ചരിഞ്ഞത്. ആനപ്രേമികളെ കണ്ണീരിലാഴ്ത്തിയ അപ്രതീക്ഷിത വിയോഗമായിരുന്നു അത്. തിങ്കളാഴ്ച വനംവകുപ്പിന്റെ മേൽനോട്ടത്തിൽ ബ്രഹ്മദത്തന്റെ പോസ്റ്റ്മോർട്ടവും സംസ്കാരവും നടന്നു. പ്രിയപ്പെട്ട ബ്രഹ്മദത്തനെ അവസാനമായി കാണാൻ വിവിധയിടങ്ങളിൽനിന്നുള്ള ആനപ്രേമികളും നാട്ടുകാരും അടക്കം നിരവധിപേരാണ് എത്തിയത്.
പല്ലാട്ടെ കുട്ടി എന്നാണ് ആനപ്രേമികൾ ബ്രഹ്മദത്തനെ വിളിച്ചിരുന്നത്. ഇത്രയും സ്നേഹമുളള ആന വേറയില്ലെന്നാണ് ആനപ്രേമികളെല്ലാം പറയുന്നത്. 16 വർഷം മുൻപാണ് ബ്രഹ്മദത്തൻ മേലംപാറയ പല്ലാട്ട് തറവാട്ടിൽ എത്തിയത്. കേരള ഫെസ്റ്റിവൽ കോർഡിനേഷൻ കമ്മിറ്റി പ്രസിഡന്റ് രാജേഷ് പല്ലാട്ടാണ് ഉടമ. തൃശ്ശൂർ പൂരത്തിന് പാറമേക്കാവിന്റെ തിടമ്പേറ്റുന്നത് ബ്രഹ്മദത്തനായിരുന്നു. ഏറ്റുമാനൂർ, വൈക്കം, തിരുനക്കര ക്ഷേത്രങ്ങളിലെ എഴുന്നള്ളത്തുകളിലും സ്ഥിരസാന്നിധ്യമായിരുന്നു.




