ഇഡി ആക്രമണം…  അറസ്റ്റിലായ സിപിഐഎം പ്രവർത്തകരെ കാണാനെത്തിയ എ.എ. റഹീം എംപിയെ പൊലീസ് ക്യാമ്പിൽ തടഞ്ഞു

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയിലെ റെയ്ഡിന് പിന്നാലെ ഇ.ഡി ഉദ്യോഗസ്ഥരെ മാരകമായി ആക്രമിച്ച കേസിൽ അറസ്റ്റിലായ സി.പി.ഐ.എം-ഡി.വൈ.എഫ്.ഐ നേതാക്കളെ കാണാനെത്തിയ എ.എ. റഹീം എം.പി.യുടെ വാഹനം എ.ആർ. ക്യാമ്പിൽ വെച്ച് പോലീസ് തടഞ്ഞു. പാളയം ലോക്കൽ സെക്രട്ടറിയും മുൻ കൗൺസിലറുമായ ഐ.പി. ബിനു ഉൾപ്പെടെയുള്ള പ്രതികളെ സന്ദർശിക്കാനാണ് എം.പി എത്തിയത്. ഗേറ്റിൽ വെച്ച് പോലീസ് വാഹനം തടഞ്ഞത് കടുത്ത വാക്കുതർക്കത്തിന് കാരണമായി. ഒടുവിൽ സംസ്ഥാന പോലീസ് മേധാവി നേരിട്ട് ഇടപെട്ട ശേഷമാണ് എ.എ. റഹീമിനെ എ.ആർ. ക്യാമ്പിനുള്ളിലേക്ക് പ്രവേശിക്കാൻ പോലീസ് അനുവദിച്ചത്.

ഇതിനിടെ കേസിൽ ഉൾപ്പെട്ട മുഴുവൻ പ്രതികളെയും ഉടൻ തന്നെ കോടതിയിൽ ഹാജരാക്കുമെന്നാണ് അറിയാൻ സാധിക്കുന്നത്. ഇന്ന് മാത്രം വിവിധയിടങ്ങളിൽ നിന്നായി 14 പേരെയാണ് പോലീസ് വലയിലാക്കിയത്. ഇതോടെ കേസിൽ ആകെ പിടിയിലായവരുടെ എണ്ണം 19 ആയി ഉയർന്നു. സിപിഎം ലോക്കൽ സെക്രട്ടറി ഐ.പി. ബിനു, മനോജ്, ജീവൻ, ഹാജരാക്കുമെന്നാണ് വിവരം. മനോജ്, ജീവൻ, ഷൈൻ, ശ്രീജിത്ത്, ഷാഹിൻ, നിധിൻ രാജ്, അമൽ, അനിൽകുമാർ, കിരൺ, രേവന്ത് , ദിനിത്ത് വി നായർ, ലെനിൻ രാജ്, ഐ പി ബിനു, രാഹുൽ, വൈശാഖ്, രാഹുൽ ആർ രാജൻ, ഹരീഷ് കുമാർ , നന്ദു,ഷഫീഖ് എന്നിവരാണ് പൊലീസ് പിടിയിലായത്. നേരത്തെ ഈ കേസിൽ പോലീസ് ആദ്യം അറസ്റ്റ് ചെയ്ത അഞ്ച് പ്രതികളെ തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത് ജയിലിലേക്ക് അയച്ചിരുന്നു. ഇ.ഡി ഉദ്യോഗസ്ഥർ സഞ്ചരിച്ചിരുന്ന ഔദ്യോഗിക വാഹനത്തിന് നേരെ സി.പി.ഐ.എം നേതാവ് ഐ.പി. ബിനു നേരിട്ട് ചീമുട്ട എറിയുന്ന നിർണ്ണായക ദൃശ്യങ്ങളും ഇതിനകം പുറത്തുവന്നിട്ടുണ്ട്.

തലസ്ഥാനത്ത് ഇ.ഡി സംഘത്തിന് നേരെ നടന്ന അക്രമത്തിൽ സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് അടിയന്തര റിപ്പോർട്ട് കൈമാറി. സി.പി.ഐ.എം തലസ്ഥാനത്ത് ബോധപൂർവ്വം വലിയൊരു കലാപശ്രമത്തിനാണ് മുതിർന്നതെന്ന് ഡി.ജി.പി.യുടെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. നഗരത്തിൽ വലിയൊരു ചോരപ്പുഴയും ക്രമസമാധാന തകർച്ചയും ഒഴിവാക്കാനായത് പോലീസ് അതീവ സംയമനം പാലിച്ചതുകൊണ്ടാണ്. എരിതീയിൽ എണ്ണയൊഴിക്കാതിരിക്കാനും വലിയൊരു കലാപം തടയാനുമാണ് സി.പി.ഐ.എം ഏരിയ കമ്മിറ്റി ഓഫീസിനുള്ളിലേക്ക് പോലീസ് ബലമായി കയറി പ്രതികളെ പിടികൂടാതിരുന്നതെന്നും ഡി.ജി.പി റിപ്പോർട്ടിൽ ന്യായീകരിക്കുന്നു.

സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഡി.ജി.പി ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരെ അടിയന്തരമായി വിളിപ്പിച്ചു കൂടിക്കാഴ്ച നടത്തി. ആഭ്യന്തര മന്ത്രിയുടെ അധ്യക്ഷതയിൽ നടന്ന ഈ നിർണ്ണായക യോഗത്തിൽ ഇന്റലിജൻസ് എ.ഡി.ജി.പി പി. വിജയൻ, പോലീസ് ഉപദേഷ്ടാവ് എന്നിവരും പങ്കെടുത്തു. വരും ദിവസങ്ങളിൽ കടുത്ത നടപടികളിലേക്ക് നീങ്ങാനാണ് സർക്കാരിന്റെ തീരുമാനം.

തിരുവനന്തപുരത്തിന് പുറമെ, മുൻമന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ കോഴിക്കോട് കോട്ടൂളിയിലെ വീട്ടിൽ ഇ.ഡി റെയ്ഡ് നടന്നപ്പോൾ അവിടെയും ഇ.ഡി ഉദ്യോഗസ്ഥരെ തടയാനും അക്രമിക്കാനും സി.പി.ഐ.എം മുതിർന്ന നേതാക്കളുടെ നേതൃത്വത്തിൽ ശ്രമം നടന്നിരുന്നു. ഈ സംഭവത്തിൽ സി.പി.ഐ.എം കോഴിക്കോട് ജില്ലാ സെക്രട്ടറി എം. മെഹബൂബ്, മുൻ എം.എൽ.എ എ. പ്രദീപ് കുമാർ, ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് വി. വസീഫ് അടക്കമുള്ള പ്രമുഖരായ 57 നേതാക്കൾക്കെതിരെയാണ് കോഴിക്കോട് മെഡിക്കൽ കോളേജ് പോലീസ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തിരിക്കുന്നത്. ഇതോടെ സംസ്ഥാന വ്യാപകമായി ഇ.ഡിക്ക് നേരെ തിരിഞ്ഞ സി.പി.ഐ.എം നേതാക്കൾ കൂട്ടത്തോടെ പ്രതിപ്പട്ടികയിലാകുന്ന അവസ്ഥയാണ് നിലവിലുള്ളത്.

Related Articles

Back to top button