അങ്കമാലിയിൽ ലഹരിസംഘത്തെ ചോദ്യം ചെയ്ത ഡിവൈഎഫ്ഐ പ്രവർത്തകർക്ക് വെട്ടേറ്റു….

കൊച്ചി: എറണാകുളം അങ്കമാലിയിൽ ലഹരിസംഘത്തിന്റെ അഴിഞ്ഞാട്ടം. പ്രദേശത്തെ ലഹരി വിൽപ്പനയെയും ലഹരിസംഘങ്ങളുടെ പ്രവർത്തനങ്ങളെയും ചോദ്യം ചെയ്ത ഡിവൈഎഫ്ഐ പ്രവർത്തകർക്ക് നേരെയാണ് ക്രൂരമായ ആയുധ ആക്രമണമുണ്ടായത്. ആക്രമണത്തിൽ ഡിവൈഎഫ്ഐ പാറക്കടവ് യൂണിറ്റ് സെക്രട്ടറിക്കും പ്രസിഡന്റിനും അടക്കം വെട്ടേറ്റു. പരിക്കേറ്റ നാല് പ്രവർത്തകർ നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. കഴിഞ്ഞദിവസം രാത്രി അങ്കമാലി പുളിയനം കൽക്കുരിശ് ഭാഗത്തുവെച്ചായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം നടന്നത്.
പ്രദേശത്ത് ലഹരിസംഘങ്ങളുടെ ശല്യം രൂക്ഷമായതിനെ തുടർന്ന് ഡിവൈഎഫ്ഐ പ്രാദേശിക നേതൃത്വം ഇവരെ ചോദ്യം ചെയ്തിരുന്നു. ഇതിൽ പ്രകോപിതരായ ലഹരിമാഫിയാ സംഘം മാരകായുധങ്ങളുമായി ഡിവൈഎഫ്ഐ പ്രവർത്തകരെ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. യൂണിറ്റ് ഭാരവാഹികൾ അടക്കമുള്ളവർക്കാണ് വെട്ടേറ്റത്. സംഭവത്തെ തുടർന്ന് പ്രദേശത്ത് കനത്ത ജാഗ്രതയാണ് പൊലീസ്ഏ ർപ്പെടുത്തിയിരിക്കുന്നത്. അക്രമം നടത്തിയ ലഹരിസംഘത്തിലെ പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും, ഇവർക്കായുള്ള തിരച്ചിൽ ഊർജ്ജിതമാക്കിയതായും അങ്കമാലി പൊലീസ് അറിയിച്ചു. പ്രദേശത്തെ ലഹരിമാഫിയയുടെ ഗുണ്ടാവിളയാട്ടത്തിനെതിരെ വലിയ ജനരോഷമാണ് ഇപ്പോൾ ഉയരുന്നത്.



