ഇതുകൊണ്ടൊന്നും ഞങ്ങളെ തളർത്താമെന്ന് വ്യാമോഹിക്കേണ്ട…… ഈ റെയ്ഡ് രാഹുൽ ഗാന്ധിക്ക് വലിയ മനസംതൃപ്തി നൽകും….. പിണറായി വിജയൻ

കണ്ണൂർ: സിഎംആർഎൽ-എക്സാലോജിക് മാസപ്പടി കേസിൽ തന്റെ വീടുകളിൽ ഉൾപ്പെടെ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തിയ പരിശോധനയ്ക്ക് പിന്നാലെ ശക്തമായ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ രംഗത്ത്. ഇതുകൊണ്ടൊന്നും തങ്ങളെ തളർത്തിക്കളയാമെന്ന് ആരും കരുതേണ്ടെന്നും, വീട്ടിൽ കയറിയുള്ള ഈ പരിശോധന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് വലിയ മനസംതൃപ്തി നൽകുമെന്നും അദ്ദേഹം പരിഹസിച്ചു. പരിശോധനയ്ക്ക് ശേഷം കണ്ണൂരിലെ വീടിന് പുറത്തെത്തി പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പിണറായി വിജയൻ.

ഏകദേശം 8 മണിക്കൂറോളം നീണ്ട വിശദമായ പരിശോധനകൾക്കും മൊഴിയെടുപ്പുകൾക്കും ശേഷമാണ് ഇഡി ഉദ്യോഗസ്ഥർ മടങ്ങിയത്. പരിശോധനയിൽ ഒന്നും തന്നെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് ഇഡി ഉദ്യോഗസ്ഥർ മഹസറിൽ എഴുതി ഒപ്പിട്ടു നൽകിയിട്ടുണ്ട്. പ്രതിപക്ഷ നേതാവിന്റെ തലസ്ഥാനത്തെ വാടകവീട്, കണ്ണൂരിലെ വീട്, മുൻ മന്ത്രി മുഹമ്മദ് റിയാസിന്റെ കോഴിക്കോട്ടെ വസതി, സിഎംആർഎൽ എം.ഡി ശശിധരൻ കർത്തയുടെ കൊച്ചിയിലെ വീട്, ആലുവയിലെ ഓഫീസ്, ബെംഗളൂരുവിലെ എക്സാലോജിക് ഓഫീസ് ഉൾപ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 12 ഇടങ്ങളിലാണ് ഇഡി ഒരേസമയം പരിശോധന നടത്തിയത്. സിഎംആർഎൽ-എക്സാലോജിക് കരാറിലെ ഇഡി അന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ട് കമ്പനി നൽകിയ ഹർജി കഴിഞ്ഞ ദിവസം ഹൈക്കോടതി സിംഗിൾ ബെഞ്ച് തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം ഇഡി നടപടികളിലേക്ക് കടന്നത്.

റെയ്ഡ് വാർത്ത പുറത്തുവന്നതിന് പിന്നാലെ സംസ്ഥാനവ്യാപകമായി സിപിഐഎം പ്രവർത്തകർ തെരുവിലിറങ്ങി കനത്ത പ്രതിഷേധമുയർത്തി. കണ്ണൂരിൽ പരിശോധന കഴിഞ്ഞ് മടങ്ങിയ ഇഡി ഉദ്യോഗസ്ഥരുടെ വാഹനങ്ങൾ വളഞ്ഞ പ്രവർത്തകർ നേരെ കല്ലേറും ചെരുപ്പേറും നടത്തി. ഉദ്യോഗസ്ഥരുടെ വാഹനത്തിന്റെ ചില്ലുകൾ അടിച്ചുതകർത്തു. തിരുവനന്തപുരത്തും കണ്ണൂരിലും വൻ പോലീസ് സന്നാഹമുണ്ടായിരുന്നിട്ടും പ്രതിഷേധക്കാരെ പിന്തിരിപ്പിക്കാൻ നേതാക്കൾക്കോ പോലീസിനോ കഴിഞ്ഞില്ല. മുഖ്യമന്ത്രി വി.ഡി സതീശൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തിയതിന്റെ തൊട്ടടുത്ത ദിവസമാണ് ഈ റെയ്ഡ് നടന്നിരിക്കുന്നത് എന്നത് ബിജെപി-കോൺഗ്രസ് ഒത്തുകളിയുടെ തെളിവാണെന്ന് സിപിഐഎം ആരോപിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ മുഖ്യമന്ത്രി വി.ഡി സതീശന്റേതുൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളുടെ ഫ്ലെക്സ് ബോർഡുകൾ പ്രതിഷേധക്കാർ വ്യാപകമായി നശിപ്പിച്ചു.

Related Articles

Back to top button