ബിയർ കുടിക്കാൻ സമ്മതിച്ചില്ല, ഹോട്ടൽ മാനേജരെ അക്രമിച്ച് മെഡിക്കൽ വിദ്യാർത്ഥികളുടെ സംഘം…

ഹോട്ടലിൽ ബിയർ കുടിക്കാൻ സമ്മതിക്കാത്തതില്‍ മാനേജരെ ബ്ലെയ്ഡ് കൊണ്ട് വരഞ്ഞ് ആക്രമിച്ച് മെഡിക്കൽ വിദ്യാർത്ഥികളുടെ സംഘം. ഭക്ഷണത്തിനൊപ്പം ബിയർ കുടിക്കാൻ സമ്മതിക്കാത്ത റസ്റ്റോറന്‍റ് മാനേജർക്കു നേരെയാണ് ആക്രമണം ഉണ്ടായത്. അത്താണി കെൽട്രോണിന് സമീപം അനീഷ് എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ‘അൽമിയ’ റസ്റ്റോറന്‍റിലാണ് സംഭവം നടന്നത്.
തൃശൂർ ഗവ. മെഡിക്കൽ കോളേജിലെ രണ്ട് ആൺകുട്ടിയും, ഒരു പെൺകുട്ടിയുമാണ് ബിയറും കൊണ്ട് ആദ്യം റസ്റ്റോറന്‍റിൽ വന്ന് ഭക്ഷണം ഓർഡർ ചെയ്തത്. ഇവിടെയിരുന്ന് ലഹരി സാധനങ്ങൾ ഉപയോഗിക്കാൻ പാടില്ലെന്ന കർശന താക്കീത് മാനേജർ നൽകിയെങ്കിലും, ഇവർ ഭക്ഷണം ഓർഡർ ചെയ്ത് കുറച്ചു സമയം കഴിഞ്ഞ് ബിയർ കുടിക്കാൻ ശ്രമിച്ചു. ഇത് മാനേജർ തടഞ്ഞതിന് പിന്നാലെ വിദ്യാർത്ഥികൾ പ്രകോപിതരായെന്ന് മാനേജർ പറയുന്നു.



