സംസ്ഥാനവ്യാപക പ്രതിഷേധവുമായി സി.പി.ഐ.എം…. ‘പി വി’ എന്നാൽ പിണറായിയല്ലെന്ന് വാദം

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീടുകളിൽ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് നടത്തുന്ന മിന്നൽ പരിശോധനയ്ക്കെതിരെ സംസ്ഥാനവ്യാപകമായി കടുത്ത പ്രതിഷേധവുമായി സി.പി.ഐ.എം. റെയ്ഡ് രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്ന് ആരോപിച്ച് തിരുവനന്തപുരം, കണ്ണൂർ, കോഴിക്കോട്, കോട്ടയം ഉൾപ്പെടെയുള്ള പ്രമുഖ കേന്ദ്രങ്ങളിൽ പാർട്ടി പ്രവർത്തകർ തെരുവിലിറങ്ങി. ഇതിനിടെ, ഇ.ഡി നടപടിയെ രാഷ്ട്രീയമായും നിയമപരമായും നേരിടുന്നതിനായി ഡൽഹിയിലെ എ.കെ.ജി ഭവനിലും തിരുവനന്തപുരത്ത് എ.കെ.ജി സെന്ററിലും മുതിർന്ന നേതാക്കൾ അടിയന്തര യോഗം ചേർന്നു.

നിലവിലെ ഇ.ഡി പരിശോധനകൾ ബി.ജെ.പി – കോൺഗ്രസ് സംയുക്ത ഓപ്പറേഷന്റെ ഭാഗമാണെന്നാണ് സി.പി.ഐ.എം നേതാക്കളുടെ പ്രധാന ആരോപണം. മുഖ്യമന്ത്രി വി.ഡി. സതീശൻ കഴിഞ്ഞ ദിവസം ഡൽഹിയിൽ പോയി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് തൊട്ടുപിന്നാലെയാണ് ഈ റെയ്ഡ് നടക്കുന്നത്. ഇത് കോൺഗ്രസും ബി.ജെ.പിയും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിന്റെ തെളിവാണെന്ന് നേതാക്കൾ ആരോപിക്കുന്നു. ബി.ജെ.പി സർക്കാർ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് നടത്തുന്ന ഈ ആസൂത്രിത ആക്രമണത്തിൽ കേരളത്തിലെ യു.ഡി.എഫ് സർക്കാരിന് സന്തോഷമുണ്ടോ എന്ന് സി.പി.ഐ.എം ജനറൽ സെക്രട്ടറി എം.എ. ബേബി ചോദിച്ചു. തിരുവനന്തപുരത്തും കോഴിക്കോട്ടും നടക്കുന്ന പ്രതിഷേധ പ്രകടനങ്ങളിൽ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, മുൻ മന്ത്രി വി. ശിവൻകുട്ടി എന്നിവർ പങ്കെടുത്തു. കണ്ണൂരിൽ പി. ജയരാജന്റെ നേതൃത്വത്തിലും കോട്ടയത്ത് മുൻ മന്ത്രി വി.എൻ. വാസവന്റെ നേതൃത്വത്തിലുമാണ് കടുത്ത പ്രതിഷേധം ഇരമ്പുന്നത്.


സി.എം.ആർ.എൽ എം.ഡി ശശിധരൻ കർത്തയുടെ വിവാദ ഡയറിയിൽ മുൻ യു.ഡി.എഫ് മന്ത്രിമാരുടെ പേരുകൾ കൃത്യമായി ഉണ്ടെന്ന് സി.പി.ഐ.എം നേതാക്കൾ വാർത്താസമ്മേളനത്തിൽ ചൂണ്ടിക്കാട്ടി. അതേസമയം, ആദായനികുതി വകുപ്പ് കണ്ടെത്തിയ ഡയറിയിലെ ‘പി വി’ എന്ന ചുരുക്കപ്പേര് പിണറായി വിജയന്റേതല്ലെന്നാണ് സി.പി.ഐ.എമ്മിന്റെ ഔദ്യോഗിക വാദം. കരിമണൽ കമ്പനിയിൽ നിന്ന് പണം വാങ്ങിയ യു.ഡി.എഫ് നേതാക്കളെ സംരക്ഷിക്കാനും സി.പി.ഐ.എമ്മിനെ തകർക്കാനും വേണ്ടിയാണ് കേന്ദ്ര ഏജൻസി ഇപ്പോൾ ഏകപക്ഷീയമായി നീങ്ങുന്നതെന്നും അവർ കുറ്റപ്പെടുത്തി. നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ പാർട്ടി ഘടകങ്ങളിൽ നിന്ന് നേതൃത്വത്തിനെതിരെ കടുത്ത വിമർശനങ്ങൾ ഉയർന്നുവരുന്നതിനിടയിലാണ് പിണറായി വിജയന്റെ കണ്ണൂരിലെയും തിരുവനന്തപുരത്തെയും വീടുകളിൽ ഇ.ഡി റെയ്ഡ് നടക്കുന്നത് എന്നത് സി.പി.ഐ.എമ്മിന് ഇരട്ട പ്രഹരമായിരിക്കുകയാണ്. എന്നാൽ ഈ റെയ്ഡുകളെ ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കാനാണ് പാർട്ടിയുടെ തീരുമാനം.

Related Articles

Back to top button