എംഡിഎംഎ കേസ് പ്രതികളുമായുള്ള ബന്ധം.. ആരോപണങ്ങൾ തള്ളി മുഖ്യമന്ത്രി

തിരുവനന്തപുരം: കാസർകോട് എം.ഡി.എം.എ. കേസിൽ അറസ്റ്റിലായ മുഹമ്മദ് ഹുസൈൻ, അബ്ദുൽ സലാം എന്നിവരുമായി ബന്ധമുണ്ടെന്ന ആരോപണങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ. ഇരുവരെയും നേരിട്ട് അറിയാമെന്നും എന്നാൽ ഇവരുടെ ലഹരിമരുന്ന് ഇടപാടുകളെക്കുറിച്ച് അറിഞ്ഞത് ഇപ്പോഴത്തെ അറസ്റ്റോടെയാണെന്നും സതീശൻ വ്യക്തമാക്കി.

യൂത്ത് കോൺഗ്രസ് പ്രവർത്തകനായ മുഹമ്മദ് ഹുസൈനെ പോലീസ് മർദ്ദിച്ചതിനെ തുടർന്നാണ് താൻ ആദ്യമായി ഫോണിൽ വിളിച്ചതെന്ന് സതീശൻ പറഞ്ഞു. നവകേരള സദസ്സിനിടെ പെരുമ്പാവൂർ കുറുപ്പംപടി എം.ജി.എം സ്കൂളിന് മുന്നിലുണ്ടായ പോലീസ് ലാത്തിച്ചാർജിൽ ഹുസൈന് പരിക്കേറ്റിരുന്നു. പരിക്കേറ്റ മറ്റ് പ്രവർത്തകരെ വിളിച്ചതുപോലെ ഹുസൈനെയും ഫോണിൽ വിളിച്ച് ആശ്വസിപ്പിക്കുകയായിരുന്നു. ഫോണിൽ സംസാരിക്കുന്നതിനിടെ എപ്പോഴെങ്കിലും വീട്ടിൽ വരാമെന്ന് പറഞ്ഞിരുന്നു. പിന്നീട് വെങ്ങോല പഞ്ചായത്തിലെ ഒരു പരിപാടിക്കിടെ എം.എൽ.എയുടെയും പാർട്ടി ഭാരവാഹികളുടെയും നിർദേശപ്രകാരമാണ് ഹുസൈന്റെ വീട് സന്ദർശിച്ചതെന്നും സതീശൻ പറഞ്ഞു. നേരത്തെ നൽകിയ വാക്ക് പാലിക്കാനാണ് സന്ദർശനം നടത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിന് ശേഷം മൂന്നോ നാലോ തവണ വിവിധ സ്ഥലങ്ങളിൽവെച്ച് ഹുസൈൻ തന്നെ കാണാൻ വന്നിട്ടുണ്ട്. പോലീസ് മർദ്ദനമേറ്റ പ്രവർത്തകൻ എന്ന നിലയിലുള്ള പരിഗണന മാത്രമാണ് താൻ നൽകിയതെന്നും സതീശൻ പറഞ്ഞു.

മുഹമ്മദ് ഹുസൈൻ തന്റെ സോഷ്യൽ മീഡിയ കൈകാര്യം ചെയ്തിരുന്ന ആളാണെന്ന ആരോപണവും സതീശൻ തള്ളി. നിലവിൽ തനിക്ക് സോഷ്യൽ മീഡിയ ടീമോ കോർഡിനേറ്ററോ ഇല്ലെന്നും പ്രതിപക്ഷ നേതാവായിരുന്ന കാലത്തും സോഷ്യൽ മീഡിയ ടീമുണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഓരോരുത്തരും പല ഗ്രൂപ്പുകളിലും അംഗങ്ങളാകുന്നതിൽ തനിക്ക് ഉത്തരവാദിത്വമില്ലെന്നും സതീശൻ വ്യക്തമാക്കി. അറസ്റ്റിലായവർക്ക് ലഹരിമരുന്ന് ഇടപാടുമായി ബന്ധമുണ്ടായിരുന്ന കാര്യം പാർട്ടി പ്രവർത്തകർക്കോ പൊതുജനങ്ങൾക്കോ അറിയില്ലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Back to top button