അഭിനന്ദനങ്ങൾ…അർഹമായ അംഗീകാരമാണിതെന്ന് രാജീവ് ചന്ദ്രശേഖർ ….

തിരുവനന്തപുരം: ബിജെപി ദേശീയ സെക്രട്ടറിമാരായി നിയമിതരായ കെ സുരേന്ദ്രനും അനിൽ ആൻ്റണിക്കും അഭിനന്ദനങ്ങൾ നേർന്ന് പാർട്ടി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ബിജെപി കേരള ഘടകത്തിൻ്റെ വളർച്ചയ്ക്കായി ഇരുവരും നൽകിയ നിസ്തുലമായ സംഭാവനകൾക്കും കഠിനാധ്വാനത്തിനും ലഭിച്ച അർഹമായ അംഗീകാരമാണിതെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. പുതിയ ഉത്തരവാദിത്തങ്ങൾ ഇതേ ഊർജത്തോടും അർപ്പണബോധത്തോടും കൂടി ഭംഗിയായി നിറവേറ്റുമെന്ന് പൂർണ വിശ്വാസമുണ്ടെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
നിതിൻ നബീൻ ബിജെപി ദേശീയ അധ്യക്ഷനായ ശേഷമുള്ള പാർട്ടിയിലെ ആദ്യ അഴിച്ചുപണിയിലാണ് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെ ദേശീയ സെക്രട്ടറിയാക്കിയത്. 16 ദേശീയ സെക്രട്ടറിമാരിൽ ഒരാളായിട്ടാണ് സുരേന്ദ്രൻ്റെ നിയമനം. സുരേന്ദ്രന് ഇത് ദേശീയ രംഗത്തേക്കുള്ള എൻട്രിയാണെന്നാണ് വിലയിരുത്തൽ. ദേശീയ ഉപാധ്യക്ഷ പദവിയിൽനിന്ന് എ പി അബ്ദുള്ളക്കുട്ടിയെ നീക്കിയപ്പോൾ, അനിൽ ആൻ്റണി ദേശീയ സെക്രട്ടറി സ്ഥാനത്ത് തുടരും. ബി എൽ സന്തോഷിന് തന്നെ സംഘടനാ ജനറൽ സെക്രട്ടറി ചുമതലയിൽ തുടരും.


