കാലിൽ അസഹ്യമായ വേദനയും നിറവ്യത്യാസവും, ശസ്ത്രക്രിയയ്ക്കിടെ 73കാരിയുടെ കാലിലെ.. മഞ്ചേരി മെഡിക്കൽ കോളേജിൽ ഗുരുതര ചികിത്സാ പിഴവെന്ന് പരാതി

മലപ്പുറം മഞ്ചേരി മെഡിക്കൽ കോളേജിൽ ഗുരുതര ചികിത്സാ പിഴവെന്ന് പരാതി. ശസ്ത്രക്രിയയ്ക്കിടെ 73കാരിയുടെ കാലിലെ പ്രധാന ഞരമ്പുകളും രക്തക്കുഴലുകളും മുറിഞ്ഞതിനെ തുടർന്ന് വയോധിക ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുകയാണ്. നിലമ്പൂർ ചുങ്കത്തറ സ്വദേശിനി പാർവതിക്കാണ് ചികിത്സാ പിഴവുണ്ടായതെന്ന് കുടുംബം ആരോപിക്കുന്നത്.
കാലുവേദനയെ തുടർന്നാണ് പാർവതി മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സ തേടിയത്. തുടർ പരിശോധനകൾക്ക് ശേഷം മെയ് 12ന് ശസ്ത്രക്രിയ നടത്തുകയായിരുന്നു. എന്നാൽ ശസ്ത്രക്രിയയ്ക്ക് പിന്നാലെ കാലിൽ അസഹ്യമായ വേദനയും നിറവ്യത്യാസവും അനുഭവപ്പെട്ടതോടെ ആരോഗ്യനില വഷളായതായി കുടുംബം പറയുന്നു. തുടർന്ന് പാർവതിയെ അടിയന്തരമായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.
കോഴിക്കോട് മെഡിക്കൽ കോളേജിൽ നടത്തിയ വിശദ പരിശോധനയിലാണ് കാലിലെ രക്തക്കുഴലുകളുമായി ബന്ധപ്പെട്ട ഒന്നിലേറെ ഞരമ്പുകൾ മുറിഞ്ഞതായി കണ്ടെത്തിയതെന്നാണ് കുടുംബത്തിന്റെ ആരോപണം. ഇതുമൂലം കാലിലേക്കുള്ള രക്തയോട്ടം നിലച്ചുവെന്നും സ്ഥിതി ഗുരുതരമാണെന്നും അവിടത്തെ ഡോക്ടർമാർ അറിയിച്ചതായി ബന്ധുക്കൾ പറയുന്നു. ചികിത്സാ പിഴവാണ് സംഭവത്തിന് കാരണമെന്നും ഉത്തരവാദികളായവർക്കെതിരെ നടപടി വേണമെന്നും കുടുംബം ആവശ്യപ്പെട്ടു.
സംഭവത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം മലപ്പുറം ജില്ലാ മെഡിക്കൽ ഓഫീസർക്ക് പരാതി നൽകി. ശസ്ത്രക്രിയക്കിടെ എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കണമെന്നും ചികിത്സാ രേഖകൾ വിശദമായി പരിശോധിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം സംഭവത്തിൽ മെഡിക്കൽ കോളേജ് അധികൃതരുടെ ഔദ്യോഗിക പ്രതികരണം ഇതുവരെ ലഭ്യമായിട്ടില്ല. പരാതിയെ തുടർന്ന് ആരോഗ്യവകുപ്പ് തലത്തിൽ അന്വേഷണം നടക്കാനിടയുണ്ടെന്നാണ് വിവരം.