കോമൺവെൽത്ത് ഗെയിംസിൽ മത്സരയിനങ്ങൾ വെട്ടിക്കുറച്ചു

കായികലോകത്തിന്റെ ശ്രദ്ധ ഇനി സ്‌കോട്ട്ലൻഡിലെ ഗ്ലാസ്ഗോയിലേക്ക്. 23-ാമത് കോമൺവെൽത്ത് ഗെയിംസിന് വ്യാഴാഴ്ച തുടക്കമാകുമ്പോൾ, 13 ഇനങ്ങളിലായി 125 താരങ്ങളുമായി ഇന്ത്യ മത്സരരംഗത്തിറങ്ങുകയാണ്. എന്നാൽ, കഴിഞ്ഞ പതിപ്പുകളെ അപേക്ഷിച്ച് ഇത്തവണ ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾക്ക് വലിയ വെല്ലുവിളിയാണ് മുന്നിലുള്ളത്. 

കോമൺവെൽത്ത് ഗെയിംസിൽ സ്ഥിരതയാർന്ന പ്രകടനം കാഴ്ചവെച്ച രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. കഴിഞ്ഞ അഞ്ച് പതിപ്പുകളിലും ആദ്യ അഞ്ച് സ്ഥാനങ്ങളിൽ ഇടംപിടിച്ച ഇന്ത്യ, 2022-ൽ ബർമിങ്ങാമിൽ നടന്ന ഗെയിംസിൽ 22 സ്വർണമുൾപ്പെടെ 61 മെഡലുകളുമായി നാലാം സ്ഥാനത്തായിരുന്നു. എന്നാൽ, ആ മെഡലുകളിൽ ഏകദേശം പകുതിയും സമ്മാനിച്ച മത്സരയിനങ്ങൾ ഇത്തവണ ഗെയിംസിൽ ഉൾപ്പെടുത്തിയിട്ടില്ല.

ചെലവ് ചുരുക്കലിന്റെ ഭാഗമായി മത്സരയിനങ്ങളുടെ എണ്ണം 19ൽ നിന്ന് 10 ആയി കുറച്ചതാണ് ഇന്ത്യയ്ക്ക് തിരിച്ചടിയായത്. ഹോക്കി, ബാഡ്മിന്റൺ, ക്രിക്കറ്റ്, ടേബിൾ ടെന്നീസ്, സ്‌ക്വാഷ്, ഗുസ്തി, ട്രയാത്ലൺ, ബീച്ച് വോളിബോൾ, റഗ്ബി സെവൻസ് തുടങ്ങിയ ഇനങ്ങൾ ഇത്തവണ ഒഴിവാക്കി. ഈ ഇനങ്ങളിൽ നിന്നായിരുന്നു ഇന്ത്യയ്ക്ക് കഴിഞ്ഞ തവണ 30 മെഡലുകൾ ലഭിച്ചത്. ഇതോടെ പി.വി. സിന്ധു, മനു ഭാകർ, ഹർമൻപ്രീത് സിങ് തുടങ്ങിയ പ്രമുഖ താരങ്ങൾക്കും ഇത്തവണ മത്സരിക്കാനാവില്ല.

അതേസമയം, അത്ലറ്റിക്‌സ്, നീന്തൽ, വെയ്റ്റ്‌ലിഫ്റ്റിങ്, ബോക്‌സിങ്, ജൂഡോ ഉൾപ്പെടെ 10 ഇനങ്ങളിലാണ് ഇത്തവണ മത്സരങ്ങൾ നടക്കുക. ആദ്യം ഓസ്ട്രേലിയയിലെ വിക്ടോറിയയിലായിരുന്നു ഗെയിംസ് നടത്താൻ തീരുമാനിച്ചിരുന്നത്. എന്നാൽ സാമ്പത്തിക ബാധ്യത ചൂണ്ടിക്കാട്ടി 2023-ൽ വിക്ടോറിയ പിന്മാറിയതോടെ പകരം വേദി കണ്ടെത്തേണ്ട സാഹചര്യം ഉണ്ടായി. തുടർന്ന് ഗ്ലാസ്ഗോ ആതിഥേയത്വം ഏറ്റെടുക്കുകയായിരുന്നു.

കുറഞ്ഞ സമയത്തിനുള്ളിൽ ഗെയിംസ് സംഘടിപ്പിക്കേണ്ടിവന്നതും ചെലവ് നിയന്ത്രിക്കേണ്ടതുമാണ് മത്സരയിനങ്ങൾ കുറയ്ക്കാൻ പ്രധാന കാരണമായത്. 2014-ൽ കോമൺവെൽത്ത് ഗെയിംസിന് വേദിയായിരുന്ന ഗ്ലാസ്ഗോയിൽ ആവശ്യമായ അടിസ്ഥാനസൗകര്യങ്ങൾ നിലവിലുണ്ടെന്നത് സംഘാടകർക്ക് സഹായകമായി. പുതിയ ഗെയിംസ് വില്ലേജ് നിർമിക്കുന്നതിന് പകരം നിലവിലുള്ള ഹോട്ടലുകളിലാണ് താരങ്ങളെയും ഒഫീഷ്യലുകളെയും താമസിപ്പിച്ചിരിക്കുന്നത്. നാല് പ്രധാന വേദികളിലായാണ് മത്സരങ്ങൾ നടക്കുന്നത്.

മത്സരയിനങ്ങൾ ഗണ്യമായി കുറച്ചതോടെ ഇന്ത്യയുടെ ഉറച്ച മെഡൽ പ്രതീക്ഷകളിലൊന്നിലധികം നഷ്ടമായിട്ടുണ്ട്. എന്നിരുന്നാലും ശേഷിക്കുന്ന ഇനങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ച് മുൻനിര രാജ്യങ്ങളിലൊന്നായി തുടരാനാണ് ഇന്ത്യൻ സംഘത്തിന്റെ ലക്ഷ്യം. 

Related Articles

Back to top button