പിഎം ശ്രീ പദ്ധതിയിൽ മുഖ്യമന്ത്രിയുടെ പ്രസ്താവന വസ്തുതാവിരുദ്ധം…. സർക്കാരിനെതിരെ വി. ശിവൻകുട്ടി

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നടത്തിയ പ്രസ്താവനകൾ പൂർണ്ണമായും വസ്തുതാവിരുദ്ധമാണെന്ന് മുൻ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. പിഎം ശ്രീ പദ്ധതി നടപ്പിലാക്കാൻ കേന്ദ്ര സർക്കാരിൽ നിന്ന് എൽഡിഎഫ് സർക്കാർ ഒരു പൈസ പോലും വാങ്ങിയിട്ടില്ലെന്നും മുൻ മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തിന് കേന്ദ്രത്തിൽ നിന്ന് ലഭിച്ച 99 കോടി രൂപ എസ്എസ്‌കെ ഫണ്ടാണെന്നും അതിന് പിഎം ശ്രീ പദ്ധതിയുമായി യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

കോടതിയെ സമീപിക്കും എന്ന സാഹചര്യം വന്നപ്പോഴാണ് കേന്ദ്രം ഈ ഫണ്ട് അനുവദിച്ചത്. വ്യാജപ്രചാരണങ്ങളിൽ നിന്ന് സർക്കാർ പിന്മാറണമെന്നും ശിവൻകുട്ടി ആവശ്യപ്പെട്ടു. പിഎം ശ്രീ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് ഒരു നടപടിക്രമവും ഇതുവരെ തുടങ്ങിയിട്ടില്ലെന്ന് മുൻ മന്ത്രി ചൂണ്ടിക്കാട്ടി. പിഎം ശ്രീ നടപ്പാക്കുന്നതിന് സ്കൂളുകളുടെ പട്ടിക കേന്ദ്രത്തിന് നൽകണമായിരുന്നു. എന്നാൽ എൽഡിഎഫ് സർക്കാർ അങ്ങനെയൊരു പട്ടിക നൽകിയിട്ടില്ല. മുഖ്യമന്ത്രി കാര്യം മനസ്സിലാക്കാതെയാണ് ഇപ്പോൾ സംസാരിക്കുന്നത്. പദ്ധതിയുടെ പ്രാഥമിക എഗ്രിമെന്റിൽ നിന്ന് ഇപ്പോഴത്തെ സർക്കാരിന് പിന്മാറാൻ യാതൊരു നിയമപരമായ തടസ്സവുമില്ല. ബിജെപിയുമായി ഒത്തുചേർന്ന് പോകാനാണ് താല്പര്യമെങ്കിൽ നിലവിലെ സർക്കാരിന് ഈ പദ്ധതിയുമായി മുന്നോട്ട് പോകാമെന്നും വി. ശിവൻകുട്ടി കടുത്ത ഭാഷയിൽ വിമർശിച്ചു.

പിഎം ശ്രീ പദ്ധതിയുടെ ഭാഗമാകില്ലെന്ന് കാണിച്ച് എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ആദ്യം കേന്ദ്രത്തിന് കത്ത് നൽകിയിരുന്നു. പിന്നീട് മന്ത്രിസഭ യോഗം ചേർന്ന് ഇതിന്റെ തുടർനടപടികൾ മരവിപ്പിക്കാൻ കത്ത് നൽകിയതായും ശിവൻകുട്ടി വ്യക്തമാക്കി. വിഷയത്തിൽ നിലവിലെ സർക്കാർ മന്ത്രിസഭാ ഉപസമിതിയെ വെക്കുന്നതിൽ തെറ്റില്ലെന്നും മുൻ മന്ത്രി കൂട്ടിച്ചേർത്തു. പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് ഭരണ-പ്രതിപക്ഷ തർക്കങ്ങൾ നിലനിൽക്കുന്നതിനിടെ, മുൻ വിദ്യാഭ്യാസ മന്ത്രി തന്നെ മുഖ്യമന്ത്രിയുടെ നിലപാടിനെതിരെ പരസ്യമായി രംഗത്തുവന്നത് രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയായിരിക്കുകയാണ്.

Related Articles

Back to top button