സ്കൂളിൽ തോക്കുമായി സഹപാഠി… പാലക്കാട് ഒൻപതാം ക്ലാസ് വിദ്യാർത്ഥിക്ക് വെടിയേറ്റു

പാലക്കാട്: തൃത്താലയിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിക്ക് സഹപാഠിയുടെ വെടിയേറ്റു. പള്ളിപ്പുറം പരുതൂർ ഹയർ സെക്കൻഡറി സ്കൂളിലാണ് ഞെട്ടിക്കുന്ന സംഭവം. തോക്കുമായി സ്കൂളിലെത്തിയ സഹപാഠി ക്ലാസ് മുറിയിൽ വെച്ച് നിറയൊഴിക്കുകയായിരുന്നു. പരുക്കേറ്റ വിദ്യാർത്ഥിയെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം. കൊടുമുണ്ട സ്വദേശിയായ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയാണ് നാടൻ തോക്കുമായി സ്കൂളിലെത്തിയത്. സഹപാഠിയായ അഞ്ചുമൂല സ്വദേശിക്കാണ് വെടിയേറ്റത്.

വിദ്യാർത്ഥി മൂന്ന് തവണ വെടിയുതിർത്തതായാണ് വിവരം. ആദ്യത്തെ വെടി തറയിലും രണ്ടാമത്തേത് വിദ്യാർത്ഥിയുടെ അരികിലൂടെയും കടന്നുപോയി. മൂന്നാമത്തെ വെടിയാണ് സഹപാഠിയുടെ ശരീരത്തിൽ പതിച്ചത്. തോളെല്ലിനും കൈയ്ക്കും ഇടയിലായാണ് വെടിയേറ്റത്. പഴക്കംചെന്ന ചെറിയ റിവോൾവറാണ് വിദ്യാർത്ഥിയുടെ കൈവശമുണ്ടായിരുന്നതെന്നാണ് സൂചന. പരുക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം. ശരീരത്തിൽ തറച്ച ബുള്ളറ്റ് പുറത്തെടുക്കുന്നതിനുള്ള ശസ്ത്രക്രിയ നടത്താനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. തോക്ക് തൃത്താല പൊലീസ് കസ്റ്റഡിയിലെടുത്തു. തോക്കുമായി എത്തിയ വിദ്യാർത്ഥിയെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. സംഭവത്തിൽ തൃത്താല പൊലീസിന്റെ നേതൃത്വത്തിൽ സ്കൂളിൽ പരിശോധനയും പുരോഗമിക്കുകയാണ്.

Related Articles

Back to top button