കോൺഗ്രസ് നേതാക്കൾ തമ്മിൽ കലഹം രൂക്ഷം…അന്വേഷണ സമിതി എഐസിസിക്ക് റിപ്പോർട്ട് സമർപ്പിച്ചു….

ജമ്മു കശ്മീർ കോൺഗ്രസിൽ ആഭ്യന്തര കലഹം രൂക്ഷമായതിനെത്തുടർന്ന് കേന്ദ്ര നേതൃത്വം നേരിട്ട് ഇടപെട്ടു. അച്ചടക്ക ലംഘനങ്ങളെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കോൺഗ്രസ് ഹൈക്കമാൻഡ് മൂന്നംഗ സമിതിയെ നിയോഗിച്ചു. സമിതി ജമ്മു കശ്മീർ സന്ദർശിച്ച് അന്വേഷണം പൂർത്തിയാക്കി. ഉടൻ തന്നെ പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് റിപ്പോർട്ട് നൽകുമെന്നാണ് വിവരം. ശക്തിസിൻഹ് ഗോഹിൽ അധ്യക്ഷനായ സമിതിയിൽ അമർ സിംഗ്, റഫീഖ് ഖാൻ എന്നിവരാണ് മറ്റ് അംഗങ്ങൾ.
ജൂൺ 11-നാണ് പാർട്ടി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ സമിതി രൂപീകരിച്ചത്. പ്രദേശ് കോൺഗ്രസ് കമ്മിറ്റി അധ്യക്ഷൻ താരിഖ് ഹമീദ് കർറയ്ക്ക് എതിരെ മുൻ മുഖ്യമന്ത്രി താരാ ചന്ദ്, മുൻ പിസിസി അധ്യക്ഷൻ വികാർ റസൂൽ വാനി എന്നിവരുടെ നേതൃത്വത്തിലുള്ള വിമത വിഭാഗം പരസ്യമായി രംഗത്തുവന്നതാണ് പ്രശ്നം വഷളാക്കിയത്. നിലവിലെ അധ്യക്ഷൻ അഴിമതിക്കാരനാണെന്നും വിഘടനവാദ നിലപാടുകളാണ് പിന്തുടരുന്നതെന്നും വിമതർ ആരോപിക്കുന്നു.




