വിവാഹപ്പരസ്യം നൽകി ചതി…. മധ്യവയസ്കയെ പീഡിപ്പിച്ചു മുങ്ങിയ പ്രതി പിടിയിൽ…. കുടുക്കിയത് വനിതാ പൊലീസിന്റെ ‘മാസ്റ്റർ പ്ലാൻ

ചെങ്ങന്നൂർ: വിവാഹവാഗ്ദാനം നൽകി മധ്യവയസ്കയെ പീഡിപ്പിച്ച ശേഷം വിദേശത്തേക്ക് കടന്ന പ്രതി ചെങ്ങന്നൂർ പൊലീസിന്റെ പിടിയിലായി. തൃശൂർ ചാവക്കാട് പാവറട്ടി സ്വദേശി പി.കെ. സലീം (48) ആണ് അറസ്റ്റിലായത്. ചെങ്ങന്നൂർ സ്വദേശിയായ സ്ത്രീ നൽകിയ പരാതിയിൽ പ്രത്യേക അന്വേഷണസംഘം വിദേശത്തുനിന്നെത്തിയ പ്രതിയെ തന്ത്രപരമായി വലയിലാക്കുകയായിരുന്നു.
2020-ൽ പത്രത്തിൽ നൽകിയ വിവാഹപ്പരസ്യത്തിലൂടെയാണ് പ്രതി പരാതിക്കാരിയുമായി പരിചയപ്പെടുന്നത്. താൻ വിവാഹമോചിതനാണെന്ന് തെറ്റിദ്ധരിപ്പിച്ച് മൂന്ന് വർഷത്തോളം ഇയാൾ ഫോണിലൂടെ ബന്ധം തുടർന്നു. 2024 മാർച്ചിൽ നാട്ടിലെത്തിയ സലീം, സ്ത്രീയുടെ വീട്ടിലെത്തി വിവാഹം ഉടൻ നടത്താമെന്ന് വിശ്വസിപ്പിച്ച് നിർബന്ധപൂർവ്വം പീഡിപ്പിക്കുകയായിരുന്നു. പ്രതി ഭാര്യയ്ക്കും മക്കൾക്കുമൊപ്പമുള്ള ചിത്രം സോഷ്യൽ മീഡിയയിൽ കണ്ടതോടെയാണ് താൻ വഞ്ചിക്കപ്പെട്ട വിവരം പരാതിക്കാരി അറിയുന്നത്. ഇവർ നൽകിയ പരാതിയെത്തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു.
സ്ത്രീസമ്പർക്കത്തിന് താല്പര്യമുള്ള പ്രതിയെ പിടികൂടാൻ വനിതാ പൊലീസുകാർ മറ്റ് പേരുകളിൽ ഫോണിലൂടെ ഇയാളുമായി സൗഹൃദം സ്ഥാപിക്കുകയായിരുന്നു. ഇയാളെ നേരിട്ട് കാണാൻ വിളിച്ചുവരുത്തിയാണ് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. ചെങ്ങന്നൂർ ഡി.വൈ.എസ്.പി സന്തോഷ് കുമാറിന്റെ മേൽനോട്ടത്തിൽ എസ്.എച്ച്.ഒ രെഗീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.



