ചാരിറ്റി വീഡിയോകൾ ഡൗൺലോഡ് ചെയ്ത് വ്യാജ ക്യുആർ കോഡ് ഒട്ടിക്കും… ഫിറോസ് കുന്നംപറമ്പിലിന്റെയും ഷമീറിന്റെയും പേരിൽ വൻ തട്ടിപ്പ്

തിരുവനന്തപുരം: കേരളത്തിൽ ചാരിറ്റി പ്രവർത്തനങ്ങളുടെ മറവിൽ വ്യാപകമായ രീതിയിൽ പണം തട്ടുന്ന വൻ മാഫിയ സംഘം സജീവമെന്ന് കണ്ടെത്തൽ. പ്രമുഖ സോഷ്യൽ മീഡിയ ചാരിറ്റി പ്രവർത്തകരായ ഫിറോസ് കുന്നംപറമ്പിൽ, ഷമീർ കുന്നമംഗലം എന്നിവർ പങ്കുവെക്കുന്ന യഥാർത്ഥ വീഡിയോകൾ ദുരുപയോഗം ചെയ്താണ് ഈ വൻ തട്ടിപ്പ് നടക്കുന്നത്. സംഭവത്തിൽ ഇരയായ ഷമീർ കുന്നമംഗലം സംസ്ഥാന ആഭ്യന്തര മന്ത്രിക്ക് നേരിട്ട് ഔദ്യോഗികമായി പരാതി നൽകിയതോടെയാണ് ഈ ഹൈടെക് തട്ടിപ്പിന്റെ വിവരങ്ങൾ പുറത്തുവരുന്നത്. കഴിഞ്ഞ ഒന്നര വർഷത്തിലേറെയായി തടസ്സമില്ലാതെ തുടരുന്ന ഈ തട്ടിപ്പിനായി നൂറിലധികം ചാരിറ്റി വീഡിയോകളാണ് സംഘം ഇതിനകം ഉപയോഗിച്ചിരിക്കുന്നത്.
സഹായം അഭ്യർത്ഥിച്ച് ഫിറോസും ഷമീറും സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്ന സങ്കടകരമായ വീഡിയോകൾ തട്ടിപ്പ് സംഘം ആദ്യം ഡൗൺലോഡ് ചെയ്തെടുക്കും. തുടർന്ന് സ്ക്രീനിൽ കാണിക്കുന്ന യഥാർത്ഥ രോഗികളുടെയോ കുട്ടികളുടെയോ ബാങ്ക് അക്കൗണ്ട് നമ്പറുകളും ഗൂഗിൾ പേ ക്യുആർ കോഡുകളും എഡിറ്റിംഗിലൂടെ മാറ്റിമറിക്കും. പകരം തട്ടിപ്പ് സംഘം തയ്യാറാക്കി വെച്ചിരിക്കുന്ന വ്യാജ ബാങ്ക് അക്കൗണ്ട് നമ്പറുകളും ക്യുആർ കോഡുകളും സ്ക്രീനിൽ ഒട്ടിച്ച് ഇവർ ഈ വീഡിയോകൾ വീണ്ടും സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കും. സഹായ മനസ്കരായ പൊതുജനങ്ങൾ വീഡിയോ കണ്ട് സങ്കടപ്പെട്ട് ഈ വ്യാജ ക്യുആർ കോഡുകളിലേക്ക് പണമയക്കുന്നതോടെ തുക മുഴുവൻ നേരിട്ട് തട്ടിപ്പുകാരുടെ അക്കൗണ്ടുകളിലേക്ക് എത്തിച്ചേരും.
തട്ടിപ്പിനായി ഉപയോഗിച്ചിരിക്കുന്ന ബാങ്ക് അക്കൗണ്ടുകളിൽ ഭൂരിഭാഗവും കേരളത്തിന് പുറത്തുള്ള സംസ്ഥാനങ്ങളിൽ നിന്നുള്ളതാണെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. മഹാരാഷ്ട്ര, മധ്യപ്രദേശ്, ബംഗാൾ, ഹരിയാന, ചണ്ഡീഗഡ്, ഒറീസ തുടങ്ങിയ സംസ്ഥാനങ്ങളിലെ വിവിധ ബാങ്ക് അക്കൗണ്ടുകളാണ് പണം തട്ടാൻ ഉപയോഗിച്ചിരിക്കുന്നത്.
ലഹരി മാഫിയയും സൈബർ ക്രിമിനലുകളും ചെയ്യുന്നതുപോലെ ഇതര സംസ്ഥാനങ്ങളിലെ പാവപ്പെട്ടവരും സാധാരണക്കാരുമായ ജനങ്ങളുടെ ആധാറും മറ്റ് വ്യക്തിഗത വിവരങ്ങളും ഒപ്പുവെപ്പിച്ചാണ് ഇത്തരത്തിൽ വ്യാജ ബാങ്ക് അക്കൗണ്ടുകൾ ക്രിയേറ്റ് ചെയ്തിട്ടുള്ളത്. അതുകൊണ്ട് തന്നെ പണം എത്തുന്ന അക്കൗണ്ട് ഉടമകളെ തിരഞ്ഞുപോയാലും യഥാർത്ഥ പ്രതികളിലേക്ക് എത്താൻ പോലീസിന് വലിയ ബുദ്ധിമുട്ട് നേരിടേണ്ടി വരുന്നുണ്ട്. ആഭ്യന്തര മന്ത്രിക്കു നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സൈബർ സെല്ലിന്റെ സഹായത്തോടെ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇത്തരം വീഡിയോകൾ കണ്ട് പണം അയക്കുന്നതിന് മുൻപ് അക്കൗണ്ട് ഉടമകളുടെ പേര് കൃത്യമാണെന്ന് ഉറപ്പുവരുത്തണമെന്ന് പോലീസ് പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം നൽകി.



