പിണറായി വിജയനെ വിമാനത്തിൽ വധിക്കാൻ ശ്രമിച്ചെന്ന കേസ്…. 4 വർഷത്തിന് ശേഷം കുറ്റപത്രം സമർപ്പിച്ചു

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയനെ വിമാനത്തിനുള്ളിൽ വെച്ച് വധിക്കാൻ ശ്രമിച്ചെന്ന കേസിൽ നാടകീയ നീക്കങ്ങൾക്കൊടുവിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചു. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് പോലീസ് കുറ്റപത്രം നൽകിയത്. സംഭവം നടന്ന് നാല് വർഷത്തിന് ശേഷമാണ് കേസിൽ ഇപ്പോൾ നിർണായക നടപടിയുണ്ടായിരിക്കുന്നത്. യൂത്ത് കോൺഗ്രസ് നേതാക്കളായ ഫർസീൻ മജീദ്, നവീൻ, സുധീപ് ജെയിംസ്, മുൻ എം.എൽ.എ കെ.എസ്. ശബരീനാഥൻ എന്നിവരാണ് കേട്ടിലെ പ്രധാന പ്രതികൾ. പ്രതികൾക്കെതിരെ വധശ്രമം, ഗൂഢാലോചന എന്നീ ഗുരുതര കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.
സിവിൽ ഏവിയേഷൻ (വ്യോമയാന) നിയമപ്രകാരമുള്ള കടുത്ത വകുപ്പുകൾ ഒഴിവാക്കിക്കൊണ്ടാണ് പോലീസ് ഇപ്പോൾ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. സിവിൽ ഏവിയേഷൻ നിയമം ഉൾപ്പെടുത്തിയത് കൊണ്ടാണ് കുറ്റപത്രം സമർപ്പിക്കാൻ കേന്ദ്ര സർക്കാരിന്റെ അനുമതി ആവശ്യമായി വന്നത്. ഇതിനായി 2024 ഏപ്രിലിൽ കേന്ദ്രത്തിന് അപേക്ഷ നൽകിയെങ്കിലും അനുകൂല സമീപനമല്ല ഉണ്ടായത്. കേന്ദ്രാനുമതി ലഭിക്കാത്തതിനാലാണ് കുറ്റപത്രം വൈകുന്നതെന്ന് പ്രോസിക്യൂഷൻ മുൻപ് കോടതിയെ അറിയിച്ചിരുന്നു. സംഭവം നടന്ന് വർഷങ്ങൾ കഴിഞ്ഞിട്ടും കുറ്റപത്രം സമർപ്പിക്കാത്തതിൽ കഴിഞ്ഞ ഫെബ്രുവരിയിൽ കോടതി പോലീസിനെതിരെ രൂക്ഷവിമർശനം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്രം അനുമതി നിഷേധിച്ച വ്യോമയാന വകുപ്പ് പൂർണ്ണമായി ഒഴിവാക്കി മറ്റ് കുറ്റങ്ങൾ മാത്രം നിലനിർത്തി പോലീസ് കഴിഞ്ഞ ദിവസം അന്തിമ റിപ്പോർട്ടും ഇപ്പോൾ കുറ്റപത്രവും നൽകിയത്.
2022 ജൂൺ 13-നായിരുന്നു കേരള രാഷ്ട്രീയത്തിൽ വലിയ കൊടുങ്കാറ്റ് സൃഷ്ടിച്ച ഈ സംഭവം നടക്കുന്നത്. കണ്ണൂരിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള വിമാനയാത്രയ്ക്കിടയിൽ വെച്ചാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ വിമാനത്തിനുള്ളിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കറുത്ത കുപ്പായമണിഞ്ഞ് പ്രതിഷേധിച്ചത്. ഇത് മുഖ്യമന്ത്രിയെ വധിക്കാനുള്ള ആസൂത്രിത ശ്രമമായിരുന്നു എന്ന നിലപാടിലായിരുന്നു എൽ.ഡി.എഫ് സർക്കാരും പോലീസും. എന്നാൽ ജനാധിപത്യപരമായ പ്രതിഷേധത്തെ വധശ്രമക്കേസാക്കി മാറ്റുകയാണെന്നായിരുന്നു കോൺഗ്രസ് വാദം. കേന്ദ്ര സർക്കാർ ഒടുവിൽ വകുപ്പുകൾക്ക് അനുമതി നിഷേധിച്ചതോടെ സംസ്ഥാന പോലീസിന് വ്യോമയാന വകുപ്പുകൾ ഒഴിവാക്കി കുറ്റപത്രം നൽകേണ്ടി വന്നു എന്നത് യു.ഡി.എഫ് കേന്ദ്രങ്ങൾ തങ്ങളുടെ രാഷ്ട്രീയ വിജയമായി ഉയർത്തിക്കാട്ടുന്നുണ്ട്. വരും ദിവസങ്ങളിൽ കോടതിയിൽ ഈ കേസ് വലിയ നിയമപോരാട്ടങ്ങൾക്ക് സാക്ഷ്യം വഹിക്കുമെന്നുറപ്പാണ്.



