കൊല്ലം കടൽത്തീരത്ത് ‘ചാളച്ചാകര’…മീൻ വാരിക്കൂട്ടി നാട്ടുകാർ

കൊല്ലം: കടലിൽ അപൂർവ കാഴ്ചയായി വൻതോതിൽ ‘നെയ്ച്ചാള’ തീരത്തടിഞ്ഞതോടെ കൊല്ലം തീരം ആവേശത്തിലായി. ഇരവിപുരം കാക്കത്തോപ്പ് ഭാഗത്ത് ഇന്നലെ വൈകിട്ട് നാല് മണിയോടെയായിരുന്നു നൂറുകണക്കിന് മീനുകൾ തീരത്തേക്ക് ഒഴുകിയെത്തിയത്. സംഭവം അറിഞ്ഞതോടെ നാട്ടുകാരും യാത്രക്കാരും കയ്യിൽ കിട്ടിയ കവറുകളും പാത്രങ്ങളുമായി ഓടിയെത്തി മീൻ ശേഖരിച്ചു.
ഒരാഴ്ചയായി കൊല്ലം തീരത്ത് ചാളച്ചാകര തുടരുകയാണ്. ഇന്നലെയും തീരത്ത് ഇരുന്നവരാണ് കടൽത്തീരത്തോട് ചേർന്ന് വൻതോതിൽ ചാള മീൻ അടിഞ്ഞുകൂടിയതായി ആദ്യം ശ്രദ്ധിച്ചത്. പിന്നാലെ വാർത്ത പരന്നതോടെ പ്രദേശവാസികളും തീരദേശ റോഡ് വഴി പോയവരും ഉടൻ കയ്യിൽ കിട്ടിയ കവറുകളും പാത്രങ്ങളുമായി എത്തി ശേഖരിച്ചു.
ഫൈബർ കട്ടമരങ്ങളിലും യന്ത്രം ഘടിപ്പിച്ച വള്ളങ്ങളിൽ പോയവർക്കും വലിയ തോതിൽ നെയ്ച്ചാള ലഭിച്ചെന്ന് മത്സ്യത്തൊഴിലാളികൾ പറഞ്ഞു . സന്ധ്യയോടെ കൊല്ലം ബീച്ചിന് സമീപത്ത് യന്ത്രം ഘടിപ്പിച്ച വള്ളങ്ങൾ അടുപ്പിച്ച് മത്സ്യത്തൊഴിലാളികൾ മീൻ വിൽപന നടത്തി.
ഉൾക്കടലിൽ നിന്ന് ഡോൾഫിനുകൾ കൂട്ടമായി എത്തുമ്പോൾ അവയുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാനാണ് ചാള പോലുള്ള ചെറിയ മത്സ്യങ്ങൾ തീരത്തേക്ക് കൂട്ടമായി എത്തുന്നതെന്നാണ് മത്സ്യത്തൊഴിലാളികളുടെ വിശദീകരണം. ഇതാണ് ചാളച്ചാകരയ്ക്ക് പിന്നിലെ പ്രധാന കാരണമെന്നും അവർ പറയുന്നു.



