അർജുൻ ആയങ്കിക്കായി വലവീശി… ആയങ്കിയുമായി ബന്ധമുള്ള 5 പേർ…

തിരുവനന്തപുരം: അർജുൻ ആയങ്കിയുമായി ബന്ധമുള്ള അഞ്ച് പേർ തിരുവനന്തപുരത്ത് പിടിയിൽ. തുമ്പ, തമ്പാനൂർ പോലീസ് സ്റ്റേഷൻ പരിധികളിൽ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. സംസ്ഥാന വ്യാപകമായി നടക്കുന്ന പരിശോധനയുടെ ഭാഗമായാണ് നടപടി. ഷൈജു, ഷാ, ശങ്കു, വെങ്കിടേഷ്, സംഗീത സുരേഷ്, ആദിത്യൻ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം.

അതേസമയം, സംസ്ഥാനത്താകെ അർജുൻ ആയങ്കിക്കെതിരെ 23 കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. അർജുൻ ഒളിവിൽ കഴിയുന്നതിനിടെ പുറത്തുവരുന്ന സമൂഹമാധ്യമ പോസ്റ്റുകൾ അദ്ദേഹം തന്നെയാണോ ഇടുന്നതെന്ന കാര്യത്തിലും അന്വേഷണ സംഘത്തിന് സംശയമുണ്ട്. മറ്റാരെങ്കിലും അർജുന്റെ പേരിൽ പോസ്റ്റുകൾ ഇടുന്നുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. അതിനിടെ, സോഷ്യൽ മീഡിയയിൽ വെല്ലുവിളി തുടർന്ന് അർജുൻ ആയങ്കി വീണ്ടും രംഗത്തെത്തി. ഇന്നലെ രാത്രിയാണ് പുതിയ പോസ്റ്റ് പുറത്തുവന്നത്. ‘തങ്ങളെ തീവ്രവാദിയാക്കിയത് സിസ്റ്റമാണ് മുട്ടിന് താഴെ വെടിവച്ചാലും മുട്ടുകുത്തില്ല’ എന്നാണ് പോസ്റ്റിലെ പരാമർശം. പോസ്റ്റിന് താഴെ വിവിധ ഹാൻഡിലുകളിൽനിന്ന് നിരവധി പിന്തുണാ കമന്റുകളും എത്തിയിട്ടുണ്ട്.

അതേസമയം, വ്യാപകമായ തിരച്ചിൽ നടത്തിയിട്ടും അർജുൻ ആയങ്കിയിലേക്ക് എത്താനാകാതെ കുഴങ്ങുകയാണ് പൊലീസ്. പാലിയേക്കര ടോൾ പ്ലാസ കടന്നതായുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ സമീപ ജില്ലകളിലും സംസ്ഥാന അതിർത്തികളിലും പൊലീസ് പരിശോധന ശക്തമാക്കിയിട്ടുണ്ട്. അർജുൻ ഇതിനോടകം സംസ്ഥാനം വിട്ടിരിക്കാമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രധാന സംശയം. അതിർത്തി മേഖലകളിലും വാഹന പരിശോധന ഉൾപ്പെടെയുള്ള നടപടികൾ തുടരുകയാണ്.

Related Articles

Back to top button