“കാലാവധി തീരും മുൻപ് പിരിച്ചുവിടാനാവില്ല”….. പറവൂർ മൂകാംബിക ക്ഷേത്ര സമിതിയെ പുറത്താക്കിയ നടപടിക്ക് ഹൈക്കോടതി സ്റ്റേ

കൊച്ചി: പറവൂർ ദക്ഷിണ മൂകാംബിക ക്ഷേത്ര ഉപദേശകസമിതി പിരിച്ചുവിട്ട ദേവസ്വം ബോർഡ് ഉത്തരവിൽ തുടർനടപടികൾ തൽക്കാലം നീട്ടിവെക്കാൻ ഹൈക്കോടതി നിർദേശിച്ചു. സമിതി നൽകിയ ഹർജിയിൽ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് വി.എം. ശ്യാം കുമാർ എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവിട്ടത്. കേസിൽ അന്തിമ തീരുമാനം വരുന്നത് വരെ ഉപദേശകസമിതിയുമായി ബന്ധപ്പെട്ട് പുതിയ തീരുമാനങ്ങളൊന്നും എടുക്കരുതെന്ന് കോടതി ബോർഡിനോട് കർശനമായി നിർദേശിച്ചു. സമിതിയുടെ ഔദ്യോഗിക കാലാവധി പൂർത്തിയാകാൻ ഇനിയും രണ്ട് മാസം ബാക്കിയുണ്ട്. ഇത് കണക്കിലെടുക്കാതെയാണ് ബോർഡ് പിരിച്ചുവിടൽ ഉത്തരവിറക്കിയതെന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടി. ഹർജിയിൽ വിശദീകരണം നൽകാൻ ദേവസ്വം ബോർഡ് കോടതിയിൽ സമയം തേടിയിട്ടുണ്ട്. കേസ് ഈ മാസം 19-ന് വീണ്ടും പരിഗണിക്കും.

അസിസ്റ്റന്റ് കമ്മിഷണറുടെ സീൽ പതിപ്പിച്ച കൂപ്പണുകൾക്കൊപ്പം സീൽ ഇല്ലാത്ത കൂപ്പണുകളും ഉപയോഗിച്ച് പിരിവ് നടത്തിയെന്ന ആരോപണത്തെത്തുടർന്നാണ് ദേവസ്വം ബോർഡ് കമ്മിഷണർ സമിതിയെ പുറത്താക്കിയത്. എന്നാൽ, ഈ നടപടി ചട്ടവിരുദ്ധമാണെന്ന് ആരോപിച്ചാണ് സമിതി കോടതിയെ സമീപിച്ചത്. അഡ്വ. പി.കെ. സജീവ് ഉപദേശകസമിതിക്കായി കോടതിയിൽ ഹാജരായി.

Related Articles

Back to top button