‘മോദിയുടെ ചിത്രമുള്ള ഒരു വീടെങ്കിലും കാണിച്ചുതരാമോ?’…. എ കെ ബാലന് മറുപടിയുമായി കെ എം ഷാജി

തിരുവനന്തപുരം: പ്രധാനമന്ത്രി ആവാസ് യോജന (PMAY) പ്രകാരം പണിയുന്ന വീടുകളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം അടങ്ങുന്ന എംബ്ലം പതിക്കുന്നതിൽ കുഴപ്പമില്ലെന്ന് താൻ പറഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കി മന്ത്രി കെ എം ഷാജി. പദ്ധതിയുടെ എംബ്ലം വെയ്ക്കുന്നതിൽ തെറ്റില്ലെന്നാണ് താൻ പറഞ്ഞത്. പിഎംഎവൈ പദ്ധതിയിൽ നിർമ്മിച്ച ഏതെങ്കിലും ഒരു വീട്ടിൽ പ്രധാനമന്ത്രിയുടെ ചിത്രമുള്ള എംബ്ലം ഉണ്ടെങ്കിൽ അത് കാണിച്ചുതരാൻ അദ്ദേഹം വെല്ലുവിളിച്ചു. അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കി പാവപ്പെട്ടവർക്ക് കിട്ടുന്ന വീട് ഇല്ലാതാക്കരുതെന്നും നരേന്ദ്ര മോദിയുടെ ചിത്രമുള്ള ഒരൊറ്റ വീട് പോലും നിലവിലില്ലെന്നും അദ്ദേഹം ആവർത്തിച്ചു.

കഴിഞ്ഞ 10 വർഷത്തിനിടെ 5 ലക്ഷം വീടുകൾ വെച്ചുനൽകിയെന്നാണ് നിയമസഭയിൽ അവതരിപ്പിച്ച കണക്ക്. അതിൽ 1,60,000 വീടുകൾ ലൈഫ് മിഷൻ വഴി നൽകിയ പിഎംഎവൈ വീടുകളാണ്. ആ വീടുകളിൽ എംബ്ലം ഉണ്ട്. ഗുണഭോക്താവിന്റെ വിവരങ്ങളും ലോഗോയും നിർബന്ധമായും പ്രദർശിപ്പിക്കണമെന്ന് വ്യക്തമാക്കുന്നത് 2024-ലെ കുടുംബശ്രീ സർക്കുലറാണ്. അന്ന് യുഡിഎഫ് അല്ല ഭരിച്ചിരുന്നത്. ആ ലോഗോയിൽ ഒരിടത്തും ഏതെങ്കിലും മുഖ്യമന്ത്രിയുടെയോ പ്രധാനമന്ത്രിയുടെയോ ഫോട്ടോ പ്രദർശിപ്പിച്ചിട്ടില്ല. 1,20,000 വീടുകളാണ് പാവപ്പെട്ട ജനങ്ങൾക്ക് ലഭിക്കാനുള്ളത്. എംബ്ലത്തിന്റെ പേരിൽ കപട ആദർശം പറഞ്ഞ് അത് ഒഴിവാക്കാനാകില്ല. പദ്ധതിയുടെ പേര് ‘പ്രധാനമന്ത്രി ആവാസ് യോജന’ എന്നാണ്, അല്ലാതെ നരേന്ദ്ര മോദിയുടെ പേരോ ചിത്രമോ അതിലില്ല. ഇഎംഎസ് ഭവനപദ്ധതി കൊണ്ടുവന്നവരാണ് ഇപ്പോൾ കള്ളം പ്രചരിപ്പിക്കുന്നത്. ഇഎംഎസിന്റെ പേരിൽ ഭവന പദ്ധതി വിഭാവനം ചെയ്തവർക്ക് എങ്ങനെയാണ് പിഎംഎവൈ പദ്ധതിയെ എതിർക്കാൻ കഴിയുകയെന്നും മന്ത്രി ചോദ്യമുയർത്തി. പിഎംഎവൈ പ്രകാരം നിർമ്മിക്കുന്ന വീടുകളിൽ പ്രധാനമന്ത്രിയുടെ ഫോട്ടോ വെക്കുന്ന പ്രശ്നമേ ഉദിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

മനുഷ്യർക്ക് ആത്മാഭിമാനമുണ്ടെന്ന് വ്യക്തമാക്കിയ കെ എം ഷാജി, ഇഎംഎസിന്റെ പേരിൽ അർഹതപ്പെട്ടവർ വീടുവാങ്ങുമ്പോൾ അയാൾ ജീവിതകാലം മുഴുവൻ ആ പേര് വെച്ച വീട്ടിൽ കിടന്നുറങ്ങണമെന്ന് പറയുന്നത് മോശമാണെന്ന അഭിപ്രായക്കാരനാണ് താനെന്നും കൂട്ടിച്ചേർത്തു. കേന്ദ്രത്തിൽ നിന്നും കേരളത്തിൽ നിന്നും പദ്ധതികൾക്കായി ലഭിക്കുന്ന പണം ഏതെങ്കിലും പ്രധാനമന്ത്രിയുടെയോ മുഖ്യമന്ത്രിയുടെയോ വീട്ടിൽ നിന്ന് തരുന്നതല്ല. അത് സാധാരണക്കാരായ ജനങ്ങളുടെ നികുതിപ്പണമാണ്. അനാവശ്യ തർക്കങ്ങൾ കാരണം സാധാരണക്കാരന് കിട്ടേണ്ട ആനുകൂല്യങ്ങൾ നഷ്ടപ്പെടുത്തരുത്. ആ ഫണ്ട് പരമാവധി ജനങ്ങൾക്ക് ലഭ്യമാക്കുകയാണ് വേണ്ടതെന്നും കെ എം ഷാജി തിരുവനന്തപുരത്ത് പറഞ്ഞു.

Related Articles

Back to top button