“തോറ്റുകഴിയുമ്പോൾ എന്തും പറയാമെന്നാണോ?”…. യു. പ്രതിഭയ്‌ക്കെതിരെ ആഞ്ഞടിച്ച് ആർ. നാസർ

ആലപ്പുഴ: കായംകുളത്തെ തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ പാർട്ടിക്കുള്ളിലും സമുദായ നേതൃത്വത്തിനെതിരെയും വിമർശനമുന്നയിച്ച യു. പ്രതിഭയ്‌ക്കെതിരെ സി.പി.എം ജില്ലാ സെക്രട്ടറി ആർ. നാസർ. പ്രതിഭയുടേത് വെറും അസംബന്ധമാണെന്നും സഖാക്കൾ പണിയെടുക്കുന്നില്ലെന്ന ആരോപണം തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.

ഈഴവ വോട്ടുകൾ സാധാരണ നിലയിൽ പ്രതിഭയ്ക്ക് ലഭിക്കേണ്ടതായിരുന്നു. ഇത്തവണ അത് കിട്ടിയില്ലെങ്കിൽ എന്തുകൊണ്ടെന്ന് പ്രതിഭ തന്നെയാണ് പരിശോധിക്കേണ്ടത്. പ്രതിഭയും അതേ സമുദായത്തിൽ നിന്നുള്ള ആളാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. പാർട്ടിയുടെ അടിസ്ഥാന വോട്ടുകളും ഉറച്ച വോട്ടുകളും ഇത്തവണ നഷ്ടപ്പെട്ടു. മാറ്റം വരാത്ത വോട്ടുകൾ പോലും മാറിപ്പോയത് ഗൗരവമായി പരിശോധിക്കുമെന്നും നാസർ വ്യക്തമാക്കി. ജയത്തിന് ശേഷം പാർട്ടിയെ തള്ളിപ്പറയുന്നത് ജി. സുധാകരന്റെ വിവരക്കേടാണെന്ന് നാസർ വിമർശിച്ചു. സുധാകരൻ ഇതിനേക്കാൾ വലിയ പരാജയങ്ങൾ ഏറ്റുവാങ്ങിയിട്ടുള്ള ആളാണെന്നും അദ്ദേഹം പരിഹസിച്ചു.

കായംകുളത്ത് വെള്ളാപ്പള്ളി നടേശൻ തനിക്കെതിരെ പ്രവർത്തിച്ചുവെന്നും എസ്.എൻ.ഡി.പി വോട്ടുകളിൽ വലിയ ചോർച്ചയുണ്ടായെന്നുമാണ് യു. പ്രതിഭ ആരോപിച്ചത്. കൂടാതെ കഴിഞ്ഞ തവണത്തെപ്പോലെ ഇത്തവണ പാർട്ടി പ്രവർത്തകർ ആവേശത്തോടെ രംഗത്തിറങ്ങിയില്ലെന്നും പ്രതിഭ കുറ്റപ്പെടുത്തിയിരുന്നു. തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ ആലപ്പുഴ ജില്ലയിലെ മുതിർന്ന നേതാക്കൾ തമ്മിലുള്ള ഈ വാക്പോര് വരും ദിവസങ്ങളിൽ പാർട്ടിയിൽ വലിയ ചർച്ചകൾക്ക് വഴിവെക്കും.

Related Articles

Back to top button