പേരാമ്പ്രയിൽ ബസും ടാങ്കർ ലോറിയും കൂട്ടിയിടിച്ചു…. സ്ത്രീകൾ ഉൾപ്പെടെ 22 പേർക്ക് പരിക്ക്….

കോഴിക്കോട്: പേരാമ്പ്ര വെള്ളിയൂരിൽ ഇന്ന് ഉച്ചകഴിഞ്ഞ് 2.45-ഓടെയാണ് നാടിനെ നടുക്കിയ അപകടം നടന്നത്. കോഴിക്കോട് നിന്നും കുറ്റ്യാടിയിലേക്ക് പോവുകയായിരുന്ന ‘അജ്ഫാൻ’ ബസും എതിർദിശയിൽ വന്ന ഹിന്ദുസ്ഥാൻ പെട്രോളിയത്തിന്റെ ടാങ്കർ ലോറിയുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ ബസ്സിന്റെയും ടാങ്കറിന്റെയും മുൻഭാഗം പൂർണ്ണമായും തകർന്നു. ബസ് ഡ്രൈവറുടെ സീറ്റിന് പിന്നിലിരുന്ന യാത്രക്കാരിയും ടാങ്കർ ലോറി ഡ്രൈവറും തകർന്ന വാഹനത്തിനുള്ളിൽ കുടുങ്ങിപ്പോയി. പേരാമ്പ്രയിൽ നിന്നെത്തിയ ഫയർഫോഴ്‌സ് യൂണിറ്റ് വാഹനം വെട്ടിപ്പൊളിച്ചാണ് ഇവരെ പുറത്തെടുത്തത്.

അപകടത്തിൽ 22 പേർക്കാണ് പരിക്കേറ്റത്. മാനസ (62), നജ (21), അതുല്യ (25), പ്രകാശൻ (55), അജിത്ത് (22), നിഖിൽ (18), പത്മിനി (65), ആതിര (28), സുനില (46), ഗീത (49), സുജിത (43), സജിദ (44), ചന്ദ്രൻ (64) തുടങ്ങിയവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. അപകടത്തിന് പിന്നാലെ ബസ് ഡ്രൈവർ ഓടി രക്ഷപ്പെട്ടതായി നാട്ടുകാർ പറഞ്ഞു. ഇയാൾക്ക് മുഖത്ത് പരിക്കേറ്റിട്ടുണ്ടെന്നും പിന്നീട് ചികിത്സ തേടിയതായും സൂചനയുണ്ട്. പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണെന്നാണ് വിവരം. അപകടത്തെത്തുടർന്ന് കുറ്റ്യാടി-കോഴിക്കോട് റൂട്ടിൽ ദീർഘനേരം ഗതാഗതം തടസ്സപ്പെട്ടു.

Related Articles

Back to top button