‘ബിനോയ് വിശ്വത്തിന് കരുത്തില്ല’….. ആലപ്പുഴ ജില്ലാ കൗണ്‍സിലില്‍ സെക്രട്ടറിക്കെതിരെ രൂക്ഷവിമര്‍ശനം…. സിപിഐയില്‍ അതൃപ്തി പുകയുന്നു

ആലപ്പുഴ: സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ പ്രവര്‍ത്തന ശൈലിക്കെതിരെ ആലപ്പുഴ ജില്ലാ കൗണ്‍സിലില്‍ രൂക്ഷവിമര്‍ശനം. സംസ്ഥാന സെക്രട്ടറി എന്ന നിലയില്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനം പോരെന്നും പല സുപ്രധാന വിഷയങ്ങളിലും കൃത്യസമയത്ത് പാര്‍ട്ടി നിലപാട് വ്യക്തമാക്കുന്നതില്‍ അദ്ദേഹം പരാജയപ്പെട്ടെന്നും പ്രതിനിധികള്‍ കുറ്റപ്പെടുത്തി.
ബിനോയ് വിശ്വത്തിന്റെ നിലപാടുകള്‍ക്ക് വേണ്ടത്ര ശക്തിയില്ലെന്നും മുന്‍ സെക്രട്ടറിമാരെ അപേക്ഷിച്ച് അദ്ദേഹം ദുര്‍ബലനാണെന്നുമാണ് പ്രധാന വിമര്‍ശനം. ആശാ വര്‍ക്കര്‍മാരുടെ സമരം നടന്ന സമയത്ത് മൗനം പാലിച്ച സെക്രട്ടറി, തിരഞ്ഞെടുപ്പ് തോറ്റശേഷമാണ് നിലപാട് വ്യക്തമാക്കിയതെന്ന് പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി. ഇത്തരം വൈകിയുള്ള തീരുമാനങ്ങള്‍ പാര്‍ട്ടിയെ പരിഹാസ്യമാക്കുന്നുവെന്നും വിമര്‍ശനമുയര്‍ന്നു. പാര്‍ട്ടിയില്‍ നിന്നും യുവാക്കള്‍ അകന്നുകൊണ്ടിരിക്കുകയാണെന്ന ഗൗരവകരമായ നിരീക്ഷണവും കൗണ്‍സിലിലുണ്ടായി. എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ഹരിപ്പാട് മത്സരിച്ചിട്ടുപോലും യുവാക്കള്‍ സജീവമായി രംഗത്തിറങ്ങിയില്ല. എഐവൈഎഫ് പ്രവര്‍ത്തകര്‍ പോലും പ്രചാരണ പരിപാടികളില്‍ നിന്ന് വിട്ടുനിന്നത് പാര്‍ട്ടിക്ക് തിരിച്ചടിയായി.
തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും ഭാഗത്ത് യുവാക്കളുടെ വലിയ പങ്കാളിത്തം ഉണ്ടായപ്പോള്‍, സിപിഐക്ക് സ്വന്തം യുവജന വിഭാഗത്തെപ്പോലും ചലിപ്പിക്കാന്‍ കഴിഞ്ഞില്ലെന്നത് നേതൃത്വത്തിന്റെ പരാജയമായി വിലയിരുത്തപ്പെട്ടു. സംസ്ഥാന നേതൃത്വത്തിന്റെ വീഴ്ചകളും സംഘടനാപരമായ പോരായ്മകളും അക്കമിട്ടു നിരത്തിയായിരുന്നു ജില്ലാ കൗണ്‍സിലിലെ ചര്‍ച്ചകള്‍.



