തിരുവനന്തപുരം കോർപറേഷൻ ജീവനക്കാരെ കൂക്കിവിളിച്ച് തൊഴിലാളികൾ….

തിരുവനന്തപുരം: അനന്തപുരിയുടെ വാണിജ്യ ഹൃദയമായ ചാല കമ്പോളത്തിൽ ഒരു നൂറ്റാണ്ടോളം തലയുയർത്തി നിന്ന പ്രശസ്ത വ്യാപാര സ്ഥാപനമായ ‘എംആർടി മെറ്റൽ മാർട്ട്’ പൂട്ടി സീൽ ചെയ്ത കോർപ്പറേഷൻ നടപടിക്ക് ഹൈക്കോടതി സ്റ്റേ. കോടതി ഉത്തരവ് പുറത്തുവന്നതിനെ തുടർന്ന് ഇന്ന് ഉച്ചയോടെ അധികൃതരെത്തി കട വീണ്ടും തുറന്നു നൽകി. സ്ഥാപനം തുറന്ന വാർത്ത ജീവനക്കാർ ആഹ്ലാദ പ്രകടനങ്ങളോടെയാണ് വരവേറ്റത്. കോടികളുടെ ആസ്തിയുള്ള സ്ഥാപനത്തിന്‍റെ ഉടമസ്ഥരായ സഹോദരങ്ങൾ തമ്മിൽ നിലനിന്ന സ്വത്ത് തർക്കമാണ് വ്യാപാര സ്ഥാപനം അടച്ചുപൂട്ടുന്നതിലേക്ക് എത്തിച്ചതെന്നാണ് വിവരം.

ലൈസൻസ് പുതുക്കാൻ പലതവണ നഗരസഭ നോട്ടീസ് നൽകിയെങ്കിലും സഹോദരന്മാരിൽ ഒരാൾ ഇതിനെ എതിർത്തു. ഇതോടെയാണ് വിഷയം കോടതിയിലെത്തിയത്. തുടർന്നുണ്ടായ നിയമനടപടികളുടെ ഭാഗമായി കഴിഞ്ഞദിവസം പൊലീസ് സാന്നിധ്യത്തിൽ കോർപ്പറേഷൻ അധികൃതർ കടയിലെ ജീവനക്കാരെ പുറത്തിറക്കി സ്ഥാപനം പൂട്ടി സീൽ ചെയ്യുകയായിരുന്നു. നടപടിക്രമങ്ങൾക്കിടയിൽ ചാല തെരുവിൽ മണിക്കൂറുകളോളം വൻ ഗതാഗതക്കുരുക്കും അനുഭവപ്പെട്ടിരുന്നു. ഒരു നൂറ്റാണ്ടിന്‍റെ പാരമ്പര്യമുള്ള വലിയൊരു പ്രസ്ഥാനം പെട്ടെന്ന് അടച്ചുപൂട്ടിയത് ചാലയിലെ വ്യാപാരികൾക്കിടയിലും വലിയ ചർച്ചയായി. കട പൂട്ടി സീൽ ചെയ്തതോടെ ഇവിടെ പതിറ്റാണ്ടുകളായി ജോലി ചെയ്തിരുന്ന എൺപതോളം തൊഴിലാളികളുടെ ഉപജീവനമാർഗമാണ് ഒറ്റയടിക്ക് ഇല്ലാതായത്.

Related Articles

Back to top button