അയോധ്യ രാമക്ഷേത്ര സംഭാവനക്കൊള്ള: സിബിഐ അന്വേഷണ ഹർജി തള്ളി അലഹബാദ് ഹൈക്കോടതി…

അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ളയുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹർജി പരിഗണിക്കാൻ അലഹബാദ് ഹൈക്കോടതി വിസമ്മതിച്ചു. സമാനമായ ഒട്ടനവധി ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടുള്ള ഹർജി നിലവിൽ സുപ്രീംകോടതിയുടെ പരിഗണനയിലുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയുടെ നടപടി. അതേസമയം, സംഭാവനക്കൊള്ള വിവാദം രാജ്യവ്യാപകമായി കനക്കുന്നതിനിടെ അയോധ്യാ രാമജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റിന്റെ നിർണായക യോഗം ഇന്ന് ചേരുകയാണ്. വൻ വിവാദങ്ങൾക്കൊടുവിൽ ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത്ത് റായിയുടെ രാജി ട്രസ്റ്റ് അംഗീകരിച്ചതായാണ് വിശ്വസനീയ കേന്ദ്രങ്ങളിൽ നിന്നുള്ള സൂചന.
സംഭാവനക്കൊള്ള പുറത്തുവന്നതിന് ശേഷം ചേരുന്ന ആദ്യ ഔദ്യോഗിക ട്രസ്റ്റ് യോഗമാണിത്. ഈ നിർണായക യോഗത്തിൽ ചമ്പത്ത് റായ് പങ്കെടുക്കുന്നില്ലെന്നതും ശ്രദ്ധേയമാണ്. കേസിലെ പ്രധാന പ്രതിയായ അവിനാഷ് ശുക്ല തട്ടിയെടുത്ത തുകയിൽ നിന്നും 19 ലക്ഷം രൂപ ഇതിനകം തന്നെ ആഡംബരങ്ങൾക്കായി ചെലവഴിച്ചതായി അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. ക്ഷേത്രത്തിലേക്ക് ഭക്തർ സംഭാവനയായി നൽകിയ തുക തട്ടിയെടുത്ത് പ്രതികൾ തുല്യമായി വീതിക്കുകയായിരുന്നു എന്ന് അറസ്റ്റിലായ അവിനാഷ് ശുക്ല അന്വേഷണസംഘത്തോട് സമ്മതിച്ചു. കഴിഞ്ഞ ദിവസം അന്വേഷണസംഘം ജയിലിലെത്തി കേസിലെ 5 പ്രധാന പ്രതികളെ വിശദമായി ചോദ്യം ചെയ്തിരുന്നു. ചമ്പത്ത് റായുടെ വിശ്വസ്തനായ ടിന്നു യാദവ് ഉൾപ്പെടെയുള്ളവരെയാണ് ജയിലിൽ വെച്ച് ചോദ്യം ചെയ്തത്. ഇവരിൽ നിന്നും തട്ടിപ്പിന്റെ വ്യാപ്തി വ്യക്തമാക്കുന്ന നിർണായക വിവരങ്ങളാണ് പോലീസിന് ലഭിച്ചിരിക്കുന്നത്.
ക്ഷേത്രത്തിലേക്ക് ഭക്തർ പല രൂപത്തിൽ സംഭാവനയായി നൽകിയ വെള്ളി മുഴുവൻ ഉരുക്കി കട്ടയാക്കി സൂക്ഷിച്ചുവെച്ചിട്ടുണ്ടെന്നും, ഇതിനായി മാത്രം 20 ലക്ഷം രൂപ ചെലവായി എന്നുമുള്ള ട്രസ്റ്റിന്റെ പുതിയ വാദവും അന്വേഷണസംഘം അതീവ ഗൗരവത്തോടെയാണ് പരിശോധിക്കുന്നത്. ഇതിൽ അടിയന്തരമായി വ്യക്തത വരുത്താൻ ട്രസ്റ്റ് അധികൃതർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. അതേസമയം, സംഭാവനയായി ലഭിച്ച അഞ്ച് കോടി രൂപയോളം വിപണി മൂല്യമുള്ള വിശുദ്ധ ഗ്രന്ഥമായ ‘രാമചരിതമാനസ്’ ക്ഷേത്രത്തിൽ നിന്നും നഷ്ടപ്പെട്ടുവെന്ന തരത്തിൽ മാധ്യമങ്ങളിൽ പ്രചരിക്കുന്ന റിപ്പോർട്ടുകൾ ട്രസ്റ്റ് പൂർണ്ണമായി തള്ളി. അത്തരം വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് യോഗത്തിന് മുന്നോടിയായി ട്രസ്റ്റ് വക്താക്കൾ വ്യക്തമാക്കി. വരും ദിവസങ്ങളിൽ ട്രസ്റ്റ് പുനഃസംഘടനയടക്കമുള്ള വലിയ തീരുമാനങ്ങളിലേക്ക് കാര്യങ്ങൾ നീങ്ങുമെന്നാണ് സൂചനകൾ.



