അമ്പൂരി കുമ്പച്ചൽക്കടവ് അപകടത്തിൽ മരിച്ച മൂന്ന് വയസ്സുകാരിയുടെ അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു….

അമ്പൂരി കുമ്പച്ചൽക്കടവ് പാലത്തിൽ വച്ചുണ്ടായ ദാരുണമായ അപകടത്തിൽ മൂന്ന് വയസ്സുകാരിയായ മകൾ ഋതുവേദ മരണപ്പെട്ടതിന് പിന്നാലെ അമ്മ ജീവനൊടുക്കാൻ ശ്രമിച്ചു. കാട്ടാക്കട കുറ്റിയാണിക്കാട് സ്വദേശിനിയായ നിഷയാണ് (ഋതുവേദയുടെ അമ്മ) ഇന്ന് ഉച്ചയോടെ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. വീട്ടിനുള്ളിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയ നിഷയെ ബന്ധുക്കൾ ഉടൻ തന്നെ കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്ന് ഉച്ചയ്ക്ക് 12:30 ഓടെയായിരുന്നു നാടിനെ വീണ്ടും കണ്ണീരിലാഴ്ത്തിയ ഈ സംഭവം ഉണ്ടായത്. മകളുടെ വിയോഗത്തെത്തുടർന്നുണ്ടായ കടുത്ത മാനസിക വിഷമമാണ് നിഷയെ ഈ തീവ്രമായ തീരുമാനത്തിലേക്ക് നയിച്ചതെന്നാണ് ബന്ധുക്കൾ നൽകുന്ന സൂചന. കഴിഞ്ഞ ദിവസമായിരുന്നു നിഷയുടെയും കുടുംബത്തിന്റെയും ജീവിതം തകർത്ത ആ ദാരുണ സംഭവം അരങ്ങേറുന്നത്. കുടുംബത്തോടൊപ്പം അമ്പൂരി കുമ്പിച്ചല്‍കടവ് പാലം കാണാനായാണ് മൂന്ന് വയസ്സുകാരി ഋതുവേദ എത്തിയത്. എന്നാൽ ഇവർ സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ ഹാൻഡ് ബ്രേക്കിന് ഉണ്ടായ സാങ്കേതിക തകരാർ മൂലം വാഹനം പെട്ടെന്ന് മുന്നോട്ട് ഉരുണ്ട് നീങ്ങുകയായിരുന്നു. നിയന്ത്രണം വിട്ട് മുന്നോട്ട് നീങ്ങിയ വാഹനം സമീപത്തുണ്ടായിരുന്ന മൂന്ന് വയസ്സുകാരിയുടെ ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുഞ്ഞ് സംഭവസ്ഥലത്തു വെച്ച് തന്നെ മരണപ്പെടുകയായിരുന്നു.

മകൾ കൺമുന്നിൽ ക്രൂരമായി മരണപ്പെട്ടതിന്റെ ഞെട്ടലിൽ നിന്നും നിഷ ഇനിയും മുക്തയായിരുന്നില്ല. ബന്ധുക്കളുടെ ആശ്വാസവാക്കുകൾക്കൊന്നും നിഷയുടെ ദുഃഖം മാറ്റാൻ കഴിഞ്ഞിരുന്നില്ല. ഇന്ന് ഉച്ചയോടെ മുറിക്കുള്ളിൽ കയറിയ നിഷയെ ഏറെനേരമായിട്ടും കാണാതിരുന്നതിനെ തുടർന്ന് ബന്ധുക്കൾ നടത്തിയ പരിശോധനയിലാണ് തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ കയർ അറുത്തുമാറ്റി ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലുള്ള നിഷയുടെ ആരോഗ്യനിലയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. കാട്ടാക്കട പോലീസ് സംഭവസ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു വരുന്നു.

Related Articles

Back to top button