എം.വി. ഗോവിന്ദന് വിഭ്രാന്തി, ഭാര്യയെ മത്സരിപ്പിച്ചത് ഏത് വിപ്ലവം… ടി.കെ. ഗോവിന്ദൻ എംഎൽഎ

കണ്ണൂർ: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരെ കടുത്ത പരിഹാസവും രൂക്ഷവിമർശനവുമായി തളിപ്പറമ്പ് എംഎൽഎ ടി.കെ. ഗോവിന്ദൻ വീണ്ടും രംഗത്ത്. എം.വി. ഗോവിന്ദന് കഴിഞ്ഞ മൂന്ന് ദിവസമായി വിഭ്രാന്തി ബാധിച്ചിരിക്കുകയാണെന്ന് ടി.കെ. ഗോവിന്ദൻ പരിഹസിച്ചു. തനിക്കെതിരെ ഉയർന്ന ‘പാർലമെന്ററി വ്യാമോഹം’ എന്ന പാർട്ടി സെക്രട്ടറിയുടെ വിമർശനത്തിന് അതേ നാണയത്തിലാണ് തളിപ്പറമ്പ് എംഎൽഎ തിരിച്ചടി നൽകിയത്. ഇതിനൊപ്പം തന്നെ, തിരഞ്ഞെടുപ്പ് തോൽവിയിൽ നിന്ന് സിപിഎം ഒരു പാഠവും പഠിച്ചിട്ടില്ലെന്ന് മുൻ സിപിഎം നേതാവും പയ്യന്നൂർ എംഎൽഎയുമായ വി. കുഞ്ഞികൃഷ്ണനും തുറന്നടിച്ചു. കണ്ണൂരിലെ പ്രമുഖ ജനപ്രതിനിധികൾ പാർട്ടി നേതൃത്വത്തിനെതിരെ പരസ്യമായി രംഗത്തിറങ്ങിയത് സിപിഎമ്മിനെ വൻ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. തനിക്ക് പാർലമെന്ററി വ്യാമോഹമാണെന്ന എം.വി. ഗോവിന്ദന്റെ പ്രസ്താവനയെ ടി.കെ. ഗോവിന്ദൻ പൂർണ്ണമായി തള്ളി.

തിരഞ്ഞെടുപ്പിലുണ്ടായ വൻ തിരിച്ചടിക്ക് ശേഷവും തെറ്റുകൾ തിരുത്താൻ പാർട്ടി തയ്യാറാകുന്നില്ലെന്നാണ് പയ്യന്നൂർ എംഎൽഎ വി. കുഞ്ഞികൃഷ്ണൻ കുറ്റപ്പെടുത്തിയത്. പാർട്ടിയിൽ ഇപ്പോൾ നടക്കുന്നത് ഇരുട്ടുകൊണ്ട് ഓട്ടയടയ്ക്കാനുള്ള തരംതാണ ശ്രമങ്ങളാണെന്ന് അദ്ദേഹം വിമർശിച്ചു. ഫണ്ട് വിവാദങ്ങളിലടക്കം ആരോപണവിധേയനായ ടി.ഐ. മധുസൂദനനെ ധനരാജ് രക്തസാക്ഷി ദിനാചരണ ചടങ്ങുകളിൽ നിന്ന് പൂർണ്ണമായി മാറ്റിനിർത്തണമെന്ന തന്റെ ആവശ്യത്തിൽ ഉറച്ചുനിൽക്കുന്നതായും കുഞ്ഞികൃഷ്ണൻ വ്യക്തമാക്കി. ടി.കെ. ഗോവിന്ദനും വി. കുഞ്ഞികൃഷ്ണനും തെറ്റുകൾ തിരുത്തിയാൽ പാർട്ടിയിലേക്ക് തിരിച്ചുവരാമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി. ജയരാജൻ നേരത്തെ അനുനയ സൂചന നൽകിയിരുന്നു. എന്നാൽ, ജയരാജന്റെ ഈ പ്രസ്താവനയെ പൂർണ്ണമായി തള്ളിക്കൊണ്ടാണ് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ രംഗത്തെത്തിയത്. ടി.കെ. ഗോവിന്ദൻ, വി. കുഞ്ഞികൃഷ്ണൻ എന്നിവർക്ക് പുറമെ മുതിർന്ന നേതാവ് ജി. സുധാകരൻ ഉൾപ്പെടെയുള്ളവർ ‘വർഗവഞ്ചകരാണെന്ന്’ എം.വി. ഗോവിന്ദൻ പരസ്യമായി പ്രഖ്യാപിച്ചിരുന്നു. ഇതാണ് നേതാക്കളെ ചൊടിപ്പിച്ചതും പാർട്ടിക്കുള്ളിലെ പരസ്യമായ ചേരിപ്പോരിലേക്ക് കാര്യങ്ങൾ എത്തിച്ചതും.

Related Articles

Back to top button