ഓട്ടോയിടിച്ച് ചത്ത വളർത്തുനായയെ ‘ജീവനോടെ കുഴിച്ചിട്ടെന്ന്’ ആരോപണം; വയോധികനായ ഡ്രൈവറെ ക്രൂരമായി മർദ്ദിച്ചു; രണ്ടുപേർക്കെതിരെ കേസ്

വളർത്തുനായയെ ഓട്ടോയിടിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിൽ വയോധികനായ ഓട്ടോ ഡ്രൈവർക്ക് ക്രൂരമർദനം. പൗഡിക്കോണം കല്ലർത്തല സ്വദേശി മോഹനനാണ് (66) മർദനമേറ്റത്. നായയെ ജീവനോടെയാണ് കുഴിച്ചിട്ടതെന്നാരോപിച്ചായിരുന്നു ആക്രമണം. സംഭവത്തിൽ ചേങ്കോട്ടുകോണം അയ്യൻ കോയിക്കൽ സ്വദേശികളായ ജിജോ, ജിന്റോ എന്നിവർക്കെതിരെ കഴക്കൂട്ടം പൊലീസ് കേസെടുത്തു.
കഴിഞ്ഞ വെള്ളിയാഴ്ച രാവിലെയാണ് സംഭവങ്ങളുടെ തുടക്കം. സ്വാമിയാർ മഠത്തിൽ നിന്ന് അയ്യൻകോവിക്കൽ ഭാഗത്തേക്ക് മോഹനൻ ഓട്ടോയുമായി പോകുമ്പോൾ നായ കുറുകെ ചാടുകയും ഓട്ടോയിടിച്ച് ചാവുകയുമായിരുന്നു. തുടർന്ന് നായയുടെ ഉടമസ്ഥരും നാട്ടുകാരും ചേർന്ന് മോഹനനോട് നായയെ കുഴിച്ചിട്ടിട്ട് പോയാൽ മതിയെന്ന് ആവശ്യപ്പെട്ടു. ഇതനുസരിച്ച് സമീപത്തെ ഒഴിഞ്ഞ പറമ്പിൽ നായയെ കുഴിച്ചിട്ട ശേഷമാണ് മോഹനൻ മടങ്ങിയത്.
എന്നാൽ, ശനിയാഴ്ച ഉച്ചയോടെ നായയുടെ ഉടമകളായ ജിജോയും ജിന്റോയും ചേർന്ന് മോഹനനെ റോഡിൽ തടഞ്ഞുനിർത്തി ക്രൂരമായി മർദിക്കുകയായിരുന്നു. ചത്ത നായയെ ജീവനോടെയാണ് മോഹനൻ കുഴിച്ചുമൂടിയത് എന്ന് ആരോപിച്ചായിരുന്നു മർദനം. പരുക്കേറ്റ വയോധികന്റെ പരാതിയിൽ കഴക്കൂട്ടം പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.



