മാവേലിക്കര ബാറിലെ ആക്രമണം… ജീവനക്കാരനെ തല്ലിച്ചതച്ച 6 പേർ പിടിയിൽ….

മാവേലിക്കര- മാങ്കാംകുഴിയിലെ ബാർ ജീവനക്കാരനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ആറ് പ്രതികളെ കുറത്തികാട് പൊലീസ് പിടികൂടി. 8 പ്രതികളുള്ള കേസിൽ രണ്ടു മുതൽ ഏഴ് വരെയുള്ള പ്രതികളാണ് പിടിയിലായത്. പ്രതികളെല്ലാം തഴക്കര പഞ്ചായത്തിൽ ഉള്ളവരാണ്. ഒന്നാം പ്രതി അടക്കം രണ്ടുപേരെ കൂടി ഇനി പിടികൂടാനുണ്ടെന്ന് പൊലീസ് പറഞ്ഞു. തഴക്കര കുന്നം വലിയപറമ്പിൽ വീട്ടിൽ അനീഷ് (47), ഇറവങ്കര ശ്രീഭവനം വീട്ടിൽ അതുൽ അരവിന്ദ് ഉണ്ണിത്താൻ (23), തഴക്കര തടാലാൽ വീട്ടിൽ പ്രണവ് (അപ്പു -32), വെട്ടിയാർ കല്ലിമേൽ സന്തോഷ് ഭവനത്തിൽ അഭിനവ് (ജിഷ്ണു- 24), കുന്നം ഹരിനാഥ് ഭവനത്തിൽ ഹരിനാഥ് (29), വെട്ടിയാർ കല്ലിമേൽ കീച്ചേരേത്ത് വീട്ടിൽ സാഗർ ഷാജി എന്നിവരാണ് പിടിയിലായത്. പ്രതികളെ കോടതി റിമാൻഡ് ചെയ്തു.
മാങ്കാംകുഴി മാസ് റസിഡൻസി ബാറിലെ ജീവനക്കാരനായ കൊല്ലം വടക്കേവിള പുതുക്കുളങ്ങര വീട്ടിൽ വിഘ്നേഷ് എസ്.രാജിനാണ് ആക്രമണത്തിൽ പരിക്കേറ്റത്. മെയ് 31ന് രാത്രി പത്തിനായിരുന്നു സംഭവം. ബാറിൽ മദ്യപിക്കാനായി വന്ന പ്രതികളിൽ ഒരാളെ സ്ഥലത്തുണ്ടായിരുന്ന ചുവന്ന തൊപ്പി ധരിച്ച ആരോ ദേഹോപദ്രവം ഏൽപ്പിച്ചിരുന്നു, ഇത് വിഘ്നേഷ് ആണെന്ന് തെറ്റിദ്ധരിച്ച്, രാത്രി 10 മണിയോടെ ബാറിന്റെ മുൻവശത്തേക്ക് ഇറങ്ങിവന്ന വിഘ്നേഷിനെ പ്രതികൾ ആക്രമിക്കുകയായിരുന്നുവെന്നാണ് എഫ്.ഐ.ആർ. തലയ്ക്കും പുറത്തും അടിയേറ്റപ്പോൾ വിഘ്നേഷ് അവിടെ നിന്ന് ഓടി ബാറിന്റെ റിസപ്ഷൻ ഹാളിൽ എത്തി. പിന്തുടർന്നെത്തിയ പ്രതികളിൽ ഒന്നാം പ്രതി റിസപ്ഷനിൽ ഇരുന്ന, പിത്തളയിൽ നിർമ്മിച്ച ഫ്ലവർ ബേസ് എടുത്ത് വിഘ്നേഷിന്റെ തലയിൽ അടിക്കുകയുമായിരുന്നു. മൂന്നും നാലും അഞ്ചും പ്രതികൾ വിഘ്നേഷിന്റെ തലയിലും കഴുത്തിലും പുറത്തും മർദ്ദിച്ചു. രണ്ടാം പ്രതി ഹോട്ടലിന്റെ പേര് എഴുതിയ ബോർഡ് എടുത്ത് വിഘ്നേഷിന്റെ തലയിൽ അടിച്ചു. ചുറ്റുമുണ്ടായിരുന്നവർ വിഘ്നേഷിനെ രക്ഷപ്പെടുത്തുകയായിരുന്നു.



