ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയ കമാലിനിക്ക് വമ്പൻ അംഗീകാരം; പാരിതോഷികമായി…

ചെന്നൈ: ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിനൊപ്പം സ്വർണനേട്ടത്തിൽ പങ്കാളിയായ 18-കാരി ജി. കമാലിനിക്ക് വൻ പാരിതോഷികം. താരത്തിന്റെ നേട്ടത്തിന് തമിഴ്‌നാട് സർക്കാർ 75 ലക്ഷം രൂപ നൽകുമെന്ന് മുഖ്യമന്ത്രി ജോസഫ് വിജയ് പ്രഖ്യാപിച്ചു. ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ ചരിത്ര നേട്ടത്തിന് ആശംസകൾ നേർന്നുകൊണ്ടാണ് കമാലിനിക്കുള്ള പാരിതോഷികം പ്രഖ്യാപിച്ചത്.

‘ഏഷ്യൻ ഗെയിംസിൽ ചരിത്ര സ്വർണം നേടിയ ഇന്ത്യൻ ടീമിന് എല്ലാ ആശംസകളും. ക്രിക്കറ്റ് താരം കമാലിനിയുടെ നേട്ടങ്ങളിൽ തമിഴ്‌നാട് സർക്കാർ 75 ലക്ഷം രൂപ പാരിതോഷികമായി നൽകും. കമാലിനിയെപ്പോലെയുള്ള പ്രതിഭകൾക്കൊപ്പം എന്നും സർക്കാർ ഉണ്ടാകും. ഈ നേട്ടം ഇവിടുത്തെ സ്ത്രീകൾക്കും യുവാക്കൾക്കും പ്രചോദനമാകും. ഇനിയും വിജയങ്ങൾ നേടാനാകട്ടെ.’ എന്നാണ് വിജയ് എക്‌സിൽ കുറിച്ചത്.

തമിഴ്‌നാട്ടിലെ മധുര സ്വദേശിയായ കമാലിനി ഗുണാലൻ വിക്കറ്റ് കീപ്പർ ബാറ്ററായും സ്പിൻ ബൗളറായും കളിക്കുന്ന താരമാണ്. ഏഷ്യൻ ഗെയിംസിൽ മൂന്ന് മത്സരങ്ങളിലാണ് കമാലിനി കളിച്ചത്. ബംഗ്ലാദേശിനെതിരായ മത്സരത്തിൽ മൂന്ന് റൺസ് നേടിയ താരം ജപ്പാനെതിരായ മത്സരത്തിൽ റൺസൊന്നും നേടിയില്ല. ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തിൽ ബാറ്റിങ്ങിന് അവസരം ലഭിച്ചിരുന്നില്ല.

2025 ഡിസംബറിൽ ശ്രീലങ്കയ്‌ക്കെതിരെയാണ് കമാലിനി ഇന്ത്യൻ ജേഴ്‌സിയിൽ അരങ്ങേറ്റം കുറിച്ചത്. ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനത്തിലൂടെ ശ്രദ്ധ നേടിയ താരം ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിന്റെ താരവുമാണ്.

വളരെ ചെറുപ്പത്തിൽ തന്നെ ഇന്ത്യൻ ടീമിന്റെ ഭാഗമാകാനും ഏഷ്യൻ ഗെയിംസിൽ സ്വർണനേട്ടത്തിന്റെ ഭാഗമാകാനും കഴിഞ്ഞ കമാലിനിക്ക് ലഭിക്കുന്ന 75 ലക്ഷം രൂപയുടെ പാരിതോഷികം താരത്തിന്റെ മുന്നോട്ടുള്ള ക്രിക്കറ്റ് യാത്രയിലെ മറ്റൊരു ശ്രദ്ധേയമായ അംഗീകാരമാകും

Back to top button