കഴക്കൂട്ടം മണ്ഡലത്തിലെ തന്റെ തോൽവിക്ക് കാരണം യൂസഫലിയെന്ന് ടി ശരത്ചന്ദ്ര പ്രസാദ്

തിരുവനന്തപുരം: വ്യവസായി യൂസഫലിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കഴക്കൂട്ടത്തെ യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന ടി ശരത്ചന്ദ്ര പ്രസാദ് രംഗത്ത്. കഴക്കൂട്ടത്തെ തന്റെ പരാജയത്തിന് കാരണം വ്യവസായി എം എ യൂസഫലി ആണെന്നായിരുന്നു ടി ശരത്ചന്ദ്ര പ്രസാദ് ആരോപിച്ചത്. കഴക്കൂട്ടത്തും നേമത്തും ബിജെപിയെ ജയിപ്പിക്കാൻ അന്തർധാരയുണ്ടാക്കിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മുസ്ലിം ന്യൂനപക്ഷ വോട്ടുകൾ മറിച്ച് കടകംപള്ളി സുരേന്ദ്രന് മറിച്ചുകൊടുത്ത് വി മുരളീധരനെ വിജയിപ്പിച്ചെന്നായിരുന്നു ശരത്ചന്ദ്ര പ്രസാദിന്റെ ആരോപണം.
തിരുവനന്തപുരത്ത് ശനിയാഴ്ച നടന്ന എൻജിഒ അസോസിയേഷൻ സമ്മേളനത്തിൽ സംസാരിക്കവെയായിരുന്നു ശരത്ചന്ദ്ര പ്രസാദ് ഈ ആരോപണങ്ങൾ മുന്നോട്ടുവെച്ചത്. എൽഡിഎഫിന്റെ 6,500 വോട്ടുകൾ ബിജെപിക്ക് പോയെന്നും അദ്ദേഹം പറഞ്ഞു.
ശരത്ചന്ദ്ര പ്രസാദിന്റെ വാക്കുകൾ ഇങ്ങനെ
രാജ്യത്തെ രാഷ്ട്രീയ പ്രസ്ഥാനങ്ങളെ നിയന്ത്രിക്കുന്ന ബിജെപിയുടെ ഖജനാവായി യൂസഫലി മാറിയിരിക്കുകയാണ്. തെരഞ്ഞെടുപ്പിന്റെ അവസാന നിമിഷത്തിൽ അദ്ദേഹം യുഡിഎഫിനോട് കാണിച്ച ക്രൂരതയാണ് തന്റെ പരാജയത്തിന് കാരണം. നിലവിൽ നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും ബിനാമിയായാണ് യൂസഫലി പ്രവർത്തിക്കുന്നത്, ഈ വിവരം നമ്മുടെ മറ്റ് പ്രമുഖ നേതാക്കൾക്ക് അറിയാമെങ്കിലും പുറത്തുപറയാൻ മടിക്കുകയാണ്.
ന്യൂനപക്ഷങ്ങൾ എൽഡിഎഫിന് വോട്ട് ചെയ്തില്ലെങ്കിൽ ബിജെപി ജയിക്കും എന്ന പഴയ തന്ത്രം കഴക്കൂട്ടം, നേമം, പരവൂർ, ചാത്തന്നൂർ മണ്ഡലങ്ങളിൽ യൂസഫലി വീണ്ടും പ്രയോഗിച്ചു. കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ തൃശ്ശൂർ, പാലക്കാട്, ആറ്റിങ്ങൽ, തിരുവനന്തപുരം മണ്ഡലങ്ങളിൽ ബിജെപിയും സിപിഎമ്മും തമ്മിൽ ഡീൽ ഉണ്ടായിരുന്നു. ഇതിൽ തൃശ്ശൂരിൽ സുരേഷ് ഗോപി ജയിച്ചപ്പോൾ, തിരുവനന്തപുരത്ത് മത്സരിച്ച രാജീവ് ചന്ദ്രശേഖരനെയും വി. മുരളീധരനെയും സ്പോൺസർ ചെയ്ത് ജയിപ്പിക്കാനുള്ള അന്തർധാരയ്ക്ക് പിന്നിൽ യൂസഫലി ആയിരുന്നു” എന്നാണ് ശരത്ചന്ദ്ര പ്രസാദ് പറഞ്ഞത്.
നിയമസഭാ തെരഞ്ഞെടുപ്പിൽ കഴക്കൂട്ടം മണ്ഡലത്തിൽ മുൻ കേന്ദ്രമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ വി മുരളീധരൻ 428 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ച്ത്. മുരളീധരന് 46,564 വോട്ടുകൾ കിട്ടിയപ്പോൾ സിറ്റിങ് എംഎൽഎയായിരുന്ന കടകംപള്ളി സുരേന്ദ്രന് 46,136 വോട്ടുകളാണ് ലഭിച്ചത്. മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട ശരത്ചന്ദ്ര പ്രസാദിന് ലഭിച്ചതാവട്ടെ 37,183 വോട്ടുകളാണ്.




