നിയമന വിവാദം: മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടു; കെ ബി പ്രദീപ് ദേവസ്വം സ്‌പെഷ്യൽ പ്ലീഡർ സ്ഥാനം ഒഴിഞ്ഞു

ശബരിമല സ്വർണ്ണക്കൊള്ള കേസിലെ പ്രതികളുടെ അഭിഭാഷകനെ ദേവസ്വം സ്‌പെഷ്യൽ പ്ലീഡറായി നിയമിച്ചത് വിവാദമായ പശ്ചാത്തലത്തിൽ സ്ഥാനം ഒഴിഞ്ഞ് കെ ബി പ്രദീപ്. കെ ബി പ്രദീപിനോട് സ്ഥാനം ഒഴിയാൻ മുഖ്യമന്ത്രി വി ഡി സതീശൻ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് രാജി. ശബരിമല ശ്രീകോവിൽ സ്വർണ്ണം പൂശുന്ന ജോലി കരാറെടുത്ത ‘സ്മാർട്ട് ക്രിയേഷൻസ്’ എന്ന കമ്പനിക്ക് വേണ്ടി കേരള ഹൈക്കോടതിയിൽ ഹാജരായ അഭിഭാഷകൻ ആണ് കെ ബി പ്രദീപ്. ഇദ്ദേഹത്തെ ദേവസ്വം സ്‌പെഷ്യൽ പ്ലീഡറായി നിയമിച്ചതാണ് വിവാദമായത്. പ്രദീപിന്റെ രാഷ്ട്രീയ പശ്ചാത്തലം പോലും പരിഗണിക്കാതെയാണ് നിയമനമെന്ന വിമർശനവും ഉയർന്നിരുന്നു.

അതിനിടെ സ്മാർട്ട് ക്രിയേഷൻസിന്റെ അഭിഭാഷകനെ ദേവസ്വം വകുപ്പിന്റെ സ്പെഷ്യൽ സർക്കാർ പ്ലീഡറായി നിയമിച്ചതിൽ പ്രത്യേക അന്വേഷണ സംഘം ആശങ്കയറിയിച്ചിരുന്നു. അന്വേഷണ വിവരങ്ങൾ പ്രതികൾക്ക് ചോരുമെന്നാണ് എസ്ഐടി പറഞ്ഞത്. നിർണായക രേഖകൾ കൈമാറുന്നതിലും എസ്‌ഐടിക്ക് ആശങ്ക ഉണ്ടായിരുന്നു.

കഴിഞ്ഞ ദിവസമാണ് കെ ബി പ്രദീപിനെ ദേവസ്വം വകുപ്പിന്റെ പ്രത്യേക അഭിഭാഷകനായി നിയമിച്ചത്. കഴിഞ്ഞ ദിവസം സർക്കാർ നടപടി അന്വേഷണം അട്ടിമറിക്കാനാണെന്ന പ്രതിപക്ഷ ആരോപണം ദേവസ്വം മന്ത്രി കെ മുരളീധരൻ തള്ളിയിരുന്നു. പുതിയ പ്ലീഡർ മുൻപ് പ്രതികൾക്ക് വേണ്ടി ഹാജരായതിനാൽ അവരുടെ എല്ലാ ബലഹീനതകളും അദ്ദേഹത്തിന് നന്നായി അറിയാമെന്നും അത് കേസിനെ സഹായിക്കുമെന്നുമായിരുന്നു ഇതുസംബന്ധിച്ച് മന്ത്രിയുടെ പ്രതികരണം. എന്നാൽ, മുൻപ് കോടതിയിൽ പ്രതിഭാഗം വാദിച്ച അഭിഭാഷകനെ ദേവസ്വം പ്ലീഡറാക്കിയതിന് പിന്നിൽ ദുരൂഹതയുണ്ടെന്നും നിലവിലെ പ്രത്യേക പൊലീസ് അന്വേഷണം അട്ടിമറിക്കാനാണ് ഈ അടിയന്തര നീക്കമെന്നുമാണ് മുൻ മന്ത്രി വിഎൻ വാസവൻ ആരോപണം ഉന്നയിച്ചത്.

Related Articles

Back to top button