മുഖ്യമന്ത്രിക്ക് വധഭീഷണി: ആറ്റിങ്ങൽ സ്വദേശിയായ പ്രതി പിടിയിൽ

മുഖ്യമന്ത്രിയെയും കുടുംബത്തെയും കൊല്ലുമെന്ന് ഭീഷണി കോൾ വിളിച്ച പ്രതി പിടിയിൽ. ആറ്റിങ്ങൽ സ്വദേശി സോണി തോമസാണ് പിടിയിലായത്. മദ്യലഹരിയിലാണ് ഇയാൾ കോൾ വിളിച്ചതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കന്റോൺമെന്റ് പൊലീസാണ് സോണി തോമസിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇന്നലെ രാത്രിയാണ് രണ്ട് തവണ കൺട്രോൾ റൂമിലേക്ക് വിളിച്ച് ഭീഷണി മുഴക്കിയത്. മുഖ്യമന്ത്രിയെയും കുടുംബത്തിനെയം കൊല്ലുമെന്നും അതുവഴി പ്രശസ്തനാകുക എന്നതാണ് തന്റെ തീരുമാനമെന്നുമായിരുന്നു സോണി ഫോണിലൂടെ പറഞ്ഞത്. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കാറുള്ള വ്യക്തിയാണ് ഇയാളെന്നും പൊലീസ് പറയുന്നു. ഇയാൾക്കെതിരെ നേരത്തെയും കേസുകളുണ്ട്. സോണിയെ പൊലീസ് വിശദമായി ചോദ്യം ചെയ്ത് വരികയാണ്.



