ഫോൺ മറന്നുവെച്ച് കുടുങ്ങിയതിന് പിന്നാലെ വീണ്ടും മോഷണം…. മൂവാറ്റുപുഴ ബെവ്കോയിൽ…

മൂവാറ്റുപുഴ: മോഷണത്തിനെത്തിയ കള്ളൻ ഫോൺ മറന്നുവെച്ച് പിടിയിലായ മൂവാറ്റുപുഴ വാഴപ്പിള്ളിയിലെ ബെവറേജസ് കോർപ്പറേഷൻ ഔട്ട്ലെറ്റിൽ തൊട്ടടുത്ത രാത്രിയും മോഷണം. വ്യാഴാഴ്ച രാത്രിയിലാണ് രണ്ടുപേർ ചേർന്ന് ഔട്ട്ലെറ്റിൽ കയറി മോഷണം നടത്തിയത്. ഏകദേശം 20,000 രൂപയുടെ നാണയവും മദ്യവും നഷ്ടപ്പെട്ടു. എത്ര കുപ്പി മദ്യം നഷ്ടപ്പെട്ടുവെന്നതിന്റെ കൃത്യമായ കണക്കെടുപ്പ് പുരോഗമിക്കുകയാണ്. രാത്രി 10.30ഓടെയാണ് മോഷണം നടന്നത്. കറൻസി സൂക്ഷിക്കുന്ന ചെസ്റ്റ് തുറക്കാൻ മോഷ്ടാക്കൾ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ലോക്കൽ കൗണ്ടറിന്റെ മുന്നിലെ ഷട്ടർ ലോക്ക് ചെയ്യുന്ന ഇരുമ്പുപട്ട യന്ത്രസഹായത്തോടെ അറുത്തുമാറ്റിയാണ് ഇവർ അകത്തുകയറിയത്.
ഷട്ടർ തുറന്നശേഷം ബിയർ കെയ്സുകൾ മറിച്ചിട്ട് വിടവുണ്ടാക്കിയാണ് മോഷ്ടാക്കൾ അകത്തേക്ക് പ്രവേശിച്ചത്. കൗണ്ടറിനുള്ളിലുണ്ടായിരുന്ന ബാഗിൽ നാണയങ്ങൾ നിറച്ചാണ് കടത്തിയത്. സഞ്ചിയും കട്ടറുമായാണ് രണ്ടുപേരും എത്തിയതെന്ന് CCTV ദൃശ്യങ്ങളിൽ വ്യക്തമാണ്. സ്ഥലത്തുനിന്ന് രണ്ട് ഹാക്സോ ബ്ലേഡുകളും കണ്ടെത്തിയിട്ടുണ്ട്. മദ്യശാലയെക്കുറിച്ച് കൃത്യമായ അറിവുള്ളവരാണ് മോഷണത്തിന് പിന്നിലെന്നാണ് പോലീസിന്റെ നിഗമനം. 30 വയസ്സിനടുത്ത് പ്രായം തോന്നിക്കുന്ന പ്രതികൾ അയൽസംസ്ഥാനക്കാരാണോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്. മൂവാറ്റുപുഴ പോലീസ്, എക്സൈസ്, ഫൊറൻസിക് വിഭാഗം, വിരലടയാള വിദഗ്ധർ എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി. ഔട്ട്ലെറ്റ് വൈകീട്ട് 6.30 വരെ തുറക്കാതിരുന്നതിനാൽ ഉപഭോക്താക്കളും പുറത്തു തടിച്ചുകൂടി. രണ്ട് കൗണ്ടറുകളിലുമായി ഏകദേശം പത്ത് ലക്ഷം രൂപയുടെ വിൽപ്പന നഷ്ടപ്പെട്ടതായാണ് പ്രാഥമിക കണക്ക്. പ്രതിദിനം 15 ലക്ഷം രൂപ വരെ വിറ്റുവരവുള്ള ഔട്ട്ലെറ്റാണിത്. മോഷണത്തിനെത്തിയപ്പോൾ മറന്നുവെച്ച ഫോണും ധരിച്ചിരുന്ന ജീൻസും എടുക്കാനായി തിരിച്ചെത്തിയ മൂവാറ്റുപുഴ കുര്യൻമല സ്വദേശി നൈസാബി (28)യെ വ്യാഴാഴ്ച പോലീസും ജീവനക്കാരും ചേർന്ന് പിടികൂടിയിരുന്നു. അതിന് പിന്നാലെയാണ് വീണ്ടും രണ്ടുപേർ എത്തി മോഷണം നടത്തിയത്.



