‘ഇങ്ങനെ പോയാൽ ബെംഗളൂരുവിൽ എത്തുമ്പോൾ ഉച്ചയാകുമല്ലോ, ആകെ പത്തിൽ താഴെ യാത്രക്കാർ’

കെഎസ്ആർടിസിയുടെ ദീർഘദൂര വോൾവോ ബസ് ബെംഗളൂരുവിലേക്ക് നടത്തുന്ന സർവീസ് വൈകുന്നത് ചൂണ്ടിക്കാട്ടി മുൻ എംഎൽഎ അനിൽ അക്കരയുടെ ഫേസ്ബുക്ക് പോസ്റ്റ്. സർവീസുകളിലെ വൈകൽ, വരുമാന നഷ്ടം, മാനേജ്‌മെൻറ് വീഴ്ച എന്നിവ ചൂണ്ടിക്കാട്ടിയാണ് അനിൽ അക്കര തൻറെ തിരുവനന്തപുരം – തൃശൂർ യാത്രാനുഭവം വിവരിക്കുന്നത്.
കഴിഞ്ഞ ആറാം തീയതി വൈകിട്ട് മൂന്ന് മണിക്ക് തിരുവനന്തപുരത്തുനിന്ന് തൃശൂർ വഴി ബെംഗളൂരുവിലേക്ക് പോകുന്ന വോൾവോ ബസിലായിരുന്നു അനിൽ അക്കര യാത്ര ചെയ്തത്. മികച്ച സൗകര്യങ്ങളും യാത്രാനുഭവവും നൽകുന്ന സൂപ്പർ ബസ് ആയിരുന്നിട്ടും തൃശൂരിൽ എത്തുമ്പോൾ രാത്രി 12 മണിയായെന്ന് അദ്ദേഹം കുറിച്ചു. ഏകദേശം ഒൻപത് മണിക്കൂറോളമാണ് ഈ യാത്രയ്ക്കായി എടുത്തത്. ഈ വേഗതയിൽ പോയാൽ ബെംഗളൂരുവിലെത്തുമ്പോൾ ഉച്ചയാകുമെന്നും അദ്ദേഹം പരിഹസിച്ചു.
ഇത്രയും സൗകര്യങ്ങളുള്ള ബസിൽ തനടക്കം പത്തിൽ താഴെ യാത്രക്കാർ മാത്രമാണ് ഉണ്ടായിരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്തുകൊണ്ടാണ് ആളുകൾ ഈ ബസിൽ കയറാത്തതെന്ന് അന്വേഷിച്ചപ്പോൾ ഗുരുതരമായ വിവരങ്ങളാണ് ലഭിച്ചതെന്ന് അനിൽ അക്കര പറയുന്നു. മറ്റ് ബസുകൾ നാലുവരി പാതകളിലൂടെ വേഗത്തിൽ സർവീസ് നടത്തുമ്പോൾ, ഈ ബസിലെ സ്പീഡ് ഗവേണർ കൃത്യമായി ക്രമീകരിക്കാത്തതിനാൽ വേഗതയിൽ പോകാൻ സാധിക്കുന്നില്ല. ഒരിക്കൽ കയറിയ യാത്രക്കാർ പിന്നീട് ഈ സർവീസ് തിരഞ്ഞെടുക്കാത്തതിന് കാരണവും ഇതുതന്നെയാണ്. ഇത് യാത്രക്കാരുടെ കുഴപ്പമല്ല, മറിച്ച് സർവീസ് മാനേജ്‌മെൻറിൻറെ വീഴ്ചയാണെന്ന് അദ്ദേഹം വ്യക്തമാക്കി.
ഇത്തരം സർവീസുകൾ മൂലം ഒരു ബസിൽനിന്ന് മാത്രം പ്രതിദിനം അരലക്ഷം രൂപയെങ്കിലും കോർപറേഷന് വരുമാന നഷ്ടമുണ്ടാകുന്നുണ്ടാകാമെന്നും അദ്ദേഹം കണക്കാക്കുന്നു. നല്ല ബസ് വാങ്ങിയതുകൊണ്ട് മാത്രം കാര്യമില്ലെന്നും യാത്രക്കാർക്ക് സമയബന്ധിതവും വേഗതയേറിയതുമായ സർവീസ് നൽകണമെന്നും അനിൽ അക്കര കൂട്ടിച്ചേർത്തു.
വോൾവോ ഉൾപ്പെടെയുള്ള ദീർഘദൂര സർവീസുകളുടെ യാത്രാസമയം, സ്പീഡ് നിയന്ത്രണം, യാത്രക്കാരുടെ എണ്ണം, വരുമാനം, ചെലവ് എന്നിവ വിശദമായി പഠിക്കണം. നഷ്ടത്തിലോടുന്ന സർവീസുകളെ വെറുതെ കുറ്റപ്പെടുത്തുന്നതിന് പകരം നഷ്ടത്തിനുള്ള കാരണം കണ്ടെത്തി അവയെ ലാഭകരമാക്കുകയാണ് വേണ്ടത്. നല്ല വണ്ടി, കൃത്യമായ സമയക്രമം, കൂടുതൽ യാത്രക്കാർ, ഉയർന്ന വരുമാനം എന്ന രീതിയിൽ കെഎസ്ആർടിസിയെ മാറ്റിയെടുക്കാൻ അടിയന്തര ശാസ്ത്രീയ ഇടപെടൽ വേണമെന്നും അനിൽ അക്കര പോസ്റ്റിലൂടെ ആവശ്യപ്പെട്ടു.


