അങ്കമാലി കിടങ്ങൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ ആന ഇടഞ്ഞ സംഭവം; ആനയുടെ ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ ഒന്നാം പാപ്പാന്റെ ആരോഗ്യനില തൃപ്തികരം

കൊച്ചി: അങ്കമാലി കിടങ്ങൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ ഇന്നലെ ഉണ്ടായ ആനയുടെ പരാക്രമത്തിൽ പരിക്കേറ്റ പാപ്പാൻ പ്രദീപിന്റെ ആരോഗ്യനില തൃപ്തകരം. ആനയുടെ ഒന്നാം പാപ്പാനാണ് മയ്യനാട് സ്വദേശി പ്രദീപ്. ആനയുടെ ആക്രമണത്തിൽ പ്രദീപിന്റെ നട്ടെല്ലിനും തലയ്ക്കുമാണ് പരിക്കേറ്റത്. എന്നാൽ പ്രദീപിന് അടിയന്തര ശസ്ത്രക്രിയ ആവശ്യമില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
ആനയുടെ ആക്രമണത്തിൽ ലോറി ഡ്രൈവർ വിഷ്ണു കൊല്ലപ്പെട്ടിരുന്നു. ഗുരുതരമായി പരിക്കേറ്റ പ്രദീപിനെ ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. അതേസമയം, ആനയെ ഉടമ കൊല്ലത്തേക്ക് കൊണ്ടുപോയി. ആന ഉണ്ടാക്കിയ നാശനഷ്ടങ്ങളുടെ ചെലവ് ഉടമ വഹിക്കും. പത്തനംതിട്ട കൊടുമൺ സ്വദേശിയായ സൗരഭിനാണ് ആനയെ പാട്ടത്തിന് നൽകിയത്.
കൊല്ലം മയ്യനാട് അരുണിമ എന്ന വീട്ടിലെ രാജുവിന്റെ ഉടമസ്ഥതയിലുള്ള ആനയാണ് ഇടഞ്ഞ പാർത്ഥസാരഥി. എറണാകുളം അങ്കമാലിയിലെ കിടങ്ങൂരിൽ വച്ചാണ് ആന വിരണ്ടോടിയത്. ആനയുടെ കൊമ്പിന്റെ പരിക്ക് ഫോട്ടോ എടുത്ത് ഉടമയ്ക്ക് അയക്കാൻ തുടങ്ങുമ്പോഴാണ് ലോറി ഡ്രൈവർ വിഷ്ണുവിനെ ആക്രമിച്ചതെന്ന് ഒപ്പമുണ്ടായിരുന്നവർ പറഞ്ഞു. ആർആർടി സംഘം സ്ഥലത്തെത്തിയിരുന്നു. ഇന്നലെ ഒൻപതരയോടെ വിരണ്ട ആനയെ പതിനൊന്നര ആയിട്ടും തളയ്ക്കാനായിയിരുന്നില്ല. വാഹനങ്ങൾ ഉൾപ്പെടെ കുത്തിമറിച്ചിട്ട് കൊമ്പൻ പ്രദേശത്ത് പരിഭ്രാന്തി സൃഷ്ടിച്ചിരുന്നു.



