ഡോക്ടർ അപ്പാർട്ട്മെന്റിൽ കൊല്ലപ്പെട്ട നിലയിൽ; എട്ടുവയസുകാരന് കുത്തേറ്റു; ഭാര്യ പൊലീസ് കസ്റ്റഡിയിൽ

കർണാടകയിലെ ധാർവാഡിൽ അനസ്തേഷ്യോളജിസ്റ്റായ ഡോ. കിരൺ ഹൊനന്നാവർ (45)നെ അപ്പാർട്ട്മെന്റിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. അദ്ദേഹത്തിന്റെ എട്ടുവയസ്സുള്ള മകനെ ഗുരുതരമായി കുത്തേറ്റ നിലയിലും കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. കുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ ചോദ്യം ചെയ്യലിന്റെ ഭാഗമായി കിരണിന്റെ ഭാര്യ ഡോ. പ്രിയങ്കയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ചിരായുവ് ആശുപത്രിയിലെ ഡോക്ടറായിരുന്ന കിരണിനെ ഫോണിൽ ബന്ധപ്പെടാൻ സാധിക്കാത്തതിനെ തുടർന്ന് ബന്ധുക്കൾ അപ്പാർട്ട്മെന്റിലെത്തിയാണ് ദുരന്തം അറിഞ്ഞത്. നേരത്തെ അദ്ദേഹം വിശ്രമിക്കുകയാണെന്നും പിന്നീട് പുറത്തുപോയെന്നും ഭാര്യ ഡോ. പ്രിയങ്ക ബന്ധുക്കളെ അറിയിച്ചിരുന്നു. എന്നാൽ വൈകിയും ബന്ധപ്പെടാനാകാതിരുന്നതോടെ നടത്തിയ പരിശോധനയിലാണ് രക്തത്തിൽ കുളിച്ചുകിടക്കുന്ന നിലയിൽ ഡോക്ടറെ കണ്ടെത്തിയത്.
പൊലീസ് സ്ഥലത്തെത്തുമ്പോൾ മറ്റൊരു മുറിയിൽ ഗുരുതരമായി പരുക്കേറ്റ നിലയിൽ മകൻ ജീവനോടെ ഉണ്ടായിരുന്നു. ഉടൻ തന്നെ കുട്ടിയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഡോ. കിരണിന്റെ മൃതദേഹം ഒരു മുറിയിലും മകനെ മറ്റൊരു മുറിയിലുമാണ് കണ്ടെത്തിയത്. സംഭവത്തിൽ ഡോ. പ്രിയങ്കയ്ക്ക് പങ്കുണ്ടെന്ന ആരോപണം ബന്ധുക്കൾ ഉയർത്തിയിട്ടുണ്ടെങ്കിലും ഇതുസംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.
“ഭാര്യ കടുത്ത മാനസികാഘാതത്തിലാണ്. അവർ പറയുന്ന കാര്യങ്ങളിൽ വ്യക്തതയില്ല. അയൽവാസികളുമായി കുടുംബത്തിന് പ്രശ്നങ്ങളുണ്ടായിരുന്നതായി വിവരമില്ല. ഉയർന്ന സുരക്ഷാ സംവിധാനങ്ങളുള്ള അപ്പാർട്ട്മെന്റായതിനാൽ പുറത്തുനിന്നുള്ള ആളുകൾ പ്രവേശിക്കാനുള്ള സാധ്യത വളരെ കുറവാണ്. സംഭവസമയത്ത് വീട്ടിൽ ദമ്പതികളും മകനും മാത്രമാണ് ഉണ്ടായിരുന്നത്. എല്ലാ സാഹചര്യങ്ങളും പരിശോധിച്ചാണ് അന്വേഷണം മുന്നോട്ടുപോകുന്നത്.”- സംഭവത്തെക്കുറിച്ച് ഹുബ്ബള്ളി-ധാർവാഡ് പൊലീസ് കമ്മിഷണർ എൻ. ശശികുമാർ പറഞ്ഞു.
സംഭവത്തിൽ അസ്വാഭാവിക മരണത്തിനും കൊലപാതകത്തിനും കേസെടുത്ത പൊലീസ് എല്ലാ സാധ്യതകളും പരിശോധിച്ച് അന്വേഷണം തുടരുകയാണ്.




