രോഗശാന്തിക്കായി പ്രത്യേകതരം ചായ കുടിച്ചു…യുവാവിന് ദാരുണാന്ത്യം…
ലഹരി പദാർഥമുള്ള ചായ കുടിച്ചതിനെ തുടർന്ന് വിനോദ സഞ്ചാരിക്ക് ദാരുണാന്ത്യം. പെറുവിലെ ലൊറെറ്റോയിലാണ് സംഭവം. അമേരിക്കൻ വിനോദ സഞ്ചാരിയാണ് മരിച്ചത്. സ്പിരിച്വൽ ടൂറിസത്തിന്റെ ഭാഗമായി പെറുവിലെത്തിയ അലബാമ സ്വദേശി ആരോൺ വെയ്ൻ കാസ്ട്രനോവ എന്ന നാൽപ്പത്തൊന്നുകാരനാണ് ചായ കുടിച്ചതിന് പിന്നാലെ ജീവൻ നഷ്ടമായത്.
അയഹുവാസ്ക എന്നറിയപ്പെടുന്ന ഈ പ്രത്യേക തരം ചായയാണ് യുവാവിന്റെ ജീവനെടുത്തത്. ആമസോണിലെ തദ്ദേശീയ സംസ്കാരങ്ങളിൽ വലിയ സ്ഥാനമാണ് ഈ ചായക്കുള്ളത്. ഇവിടങ്ങളിൽ ആത്മീയവും രോഗശാന്തി ശുശ്രൂഷകൾക്കുമായി പരമ്പരാഗതമായി ഉപയോഗിക്കുന്ന പാനീയമാണ് അയഹുവാസ്ക. അമേരിക്ക ഉൾപ്പെടെ പല രാജ്യങ്ങളിലും നിരോധിച്ച ലഹരി പദാർഥമാണ് ഈ ചായയിൽ ഉപയോഗിക്കുന്നത്.
സ്പരിച്ചൽ ടൂറിസവുമായി ബന്ധപ്പെട്ട സാന്താ മരിയ ഡി ഒജെഡ കമ്മ്യൂണിറ്റിയിലെ ഒരു ഹോസ്റ്റലിൽ വെച്ചാണ് ചടങ്ങ് നടന്നതെന്നാണ് റിപ്പോർട്ടുകൾ. ഈ ചായ കുടിക്കുന്ന സമയത്ത് ആരോൺ ആന്റിബയോട്ടിക്കുകൾ കഴിക്കുന്നുണ്ടെന്ന കാര്യം അറിയിച്ചില്ലെന്ന് സ്പരിച്ചൽ ടൂറിസത്തിന്റെ സംഘാടകർ അറിയിച്ചു.
ഹാരി രാജകുമാരനും ഈ ചായ ഉപയോഗിച്ചിട്ടുണ്ട്. സമീപ വർഷങ്ങളിൽ അയഹുവാസ്ക ടൂറിസം മേഖലയിൽ സവിശേഷമായ രീതിയിൽ പ്രധാന്യം നേടി. വിനോദ സഞ്ചാരികൾ പലപ്പോഴും വിഷാദരോഗത്തിനുള്ള പ്രതിവിധിയായി പോലും ഇതിനെ കാണുന്നുണ്ട്. പെറുവിലെ യുഎസ് എംബസി അയഹുവാസ്ക പോലുള്ള ‘പരമ്പരാഗത ഹാലുസിനോജനുകൾ’ ഉപയോഗിക്കുന്നതിനെതിരെ അമേരിക്കൻ വിനോദ സഞ്ചാരികൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.