കലൂരിൽ പെൺകുട്ടികളെ ആക്രമിച്ച മുഖ്യപ്രതി അക്ബറിന് വൻ ക്രിമിനൽ പശ്ചാത്തലം… ബിസിനസ് ഇടപാടുകളിൽ ദുരൂഹത…. കൊച്ചി ഡിസിപി ഷഹൻ ഷാ

കൊച്ചി: എറണാകുളം കലൂർ ദേശാഭിമാനി റോഡിൽ പാർട്ട് ടൈം ജോലി കഴിഞ്ഞു മടങ്ങിയ പെൺകുട്ടികൾക്ക് നേരെ ക്രൂരമായ അതിക്രമം നടത്തിയ സംഭവത്തിലെ മുഖ്യപ്രതി അക്ബർ അലിയ്ക്ക് വൻ ക്രിമിനൽ പശ്ചാത്തലമുണ്ടെന്ന് കൊച്ചി ഡി.സി.പി ഷഹൻ ഷാ. ഇയാളുടെ സാമ്പത്തിക-ബിസിനസ് ഇടപാടുകളിൽ വലിയ ദുരൂഹതകളുണ്ടെന്നും പോലീസ് വ്യക്തമാക്കി. കേസിൽ നിലവിൽ മൂന്ന് പ്രതികൾ പോലീസിന്റെ പിടിയിലായിട്ടുണ്ട്. പാലക്കാട് സ്വദേശികളായ ആൽവിൻ, അരുൺ, സാബിത്ത് എന്നിവരാണ് അറസ്റ്റിലായത്. ഒളിവിലുള്ള മുഖ്യപ്രതി അക്ബർ അലി ഉൾപ്പെടെ ഏഴ് പ്രതികളെക്കൂടി ഇനി പിടികൂടാനുണ്ടെന്ന് ഡി.സി.പി അറിയിച്ചു.

ദേശാഭിമാനി റോഡിൽ ഹോട്ടൽ നടത്തുന്നയാളാണ് അക്ബർ. റിക്രൂട്ട്‌മെന്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നതിനൊപ്പം പാർട്ട് ടൈം ജോലിയും ചെയ്യുന്ന രണ്ട് പെൺകുട്ടികളാണ് ഇന്നലെ പുലർച്ചെ അതിക്രൂരമായ ആസൂത്രിത ആക്രമണത്തിന് ഇരയായത്. ഇന്നലെ പുലർച്ചെ 4.30 ഓടെ പാർട്ട് ടൈം ജോലി കഴിഞ്ഞ് റോഡിലൂടെ നടന്നുപോവുകയായിരുന്ന പെൺകുട്ടികൾ ചായ കുടിക്കാനായാണ് കടയിലെത്തിയത്. ഈ സമയം അക്രമി സംഘത്തിലുണ്ടായിരുന്ന ചില യുവതികളുമായാണ് ആദ്യം തർക്കം തുടങ്ങിയത്. ഇതിന് പിന്നാലെ അക്ബർ അലി പെൺകുട്ടികളെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. ഒരു പെൺകുട്ടിയെ റോഡിലിട്ട് ക്രൂരമായി ചവിട്ടുകയും കൈകൾ പുറകോട്ട് പിടിച്ച് തിരിക്കുകയും ചെയ്തു. ആക്രമണത്തിൽ പെൺകുട്ടിയുടെ നെഞ്ചിലും കഴുത്തിലും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

എട്ടംഗ സംഘമാണ് അക്രമം നടത്തിയത്. പെൺകുട്ടികളെ ക്രൂരമായി മർദ്ദിക്കുമ്പോൾ തടയാൻ ശ്രമിക്കാതെ അക്രമത്തിന് കൂട്ടുനിന്നതിനാലാണ് സംഘത്തിലുണ്ടായിരുന്ന യുവതികൾ ഉൾപ്പെടെയുള്ള ബാക്കി എല്ലാവരെയും കേസിൽ പ്രതി ചേർത്തതെന്ന് പോലീസ് വ്യക്തമാക്കി. സംഭവത്തിൽ പരാതി നൽകാൻ എത്തിയപ്പോൾ പോലീസിന്റെ ഭാഗത്തുനിന്നും മോശം പെരുമാറ്റമുണ്ടായതായി പെൺകുട്ടികൾ ആരോപിച്ചിരുന്നു. ഇതേക്കുറിച്ച് മാധ്യമങ്ങൾ ചോദിച്ചപ്പോൾ, സ്റ്റേഷനിലെ പോലീസുകാരുടെ ഭാഗത്തുനിന്ന് എന്തെങ്കിലും വീഴ്ചയോ മോശം പെരുമാറ്റമോ ഉണ്ടായിട്ടുണ്ടെങ്കിൽ അത് ഗൗരവമായി പരിശോധിക്കുമെന്നും കുറ്റക്കാർക്കെതിരെ നടപടിയുണ്ടാകുമെന്നും കൊച്ചി ഡി.സി.പി ഉറപ്പുനൽകി. പ്രതികൾക്കായി കൊച്ചി കേന്ദ്രീകരിച്ച് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

Related Articles

Back to top button