1001-ാമത്തെ കൺമണി എത്തിയത് കോഴിക്കോട്ടെ അമ്മത്തൊട്ടിലിൽ… പേരിട്ടത്..

കേരള സംസ്ഥാന ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിൽ പ്രവർത്തിക്കുന്ന അമ്മത്തൊട്ടിലുകളിൽ 1001-ാമത്തെ കുഞ്ഞ് കൂടി എത്തിച്ചേർന്നു. 2002-ൽ തിരുവനന്തപുരത്ത് തുടങ്ങിയ അമ്മത്തൊട്ടിലിൽ ചൊവ്വാഴ്ച പുലർച്ചെ ആയിരാമത്തെ അതിഥി “സഹസ്ര” എത്തിയതിന് പിന്നാലെയാണ്, ആധുനിക സൗകര്യങ്ങളോടെ നവീകരിച്ച കോഴിക്കോട് ബീച്ച് ആശുപത്രിക്ക് സമീപത്തെ അമ്മത്തൊട്ടിലിൽ വീണ്ടുമൊരു കാൽപ്പെരുമാറ്റം. കഴിഞ്ഞ ഓഗസ്റ്റിൽ പൊതുജനങ്ങൾക്കായി തുറന്നുകൊടുത്ത ഈ അമ്മത്തൊട്ടിലിൽ എത്തുന്ന 11-ാമത്തെ കുഞ്ഞാണ് ഈ പെൺകുഞ്ഞ്. ശനിയാഴ്ച ഉച്ചയ്ക്ക് 1.30-ഓടെ രണ്ട് മാസം പ്രായവും 4.200 കി.ഗ്രാം ഭാരവുമുള്ള കുരുന്നിനെ അമ്മത്തൊട്ടിലിൽ കണ്ടെത്തുകയായിരുന്നു. ആയിരാമത്തെ കുഞ്ഞായ “സഹസ്ര” യുടെ പിൻഗാമിക്ക് “സഹസ്രിക” എന്ന് നാമകരണം ചെയ്തതായി സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി അഡ്വ. ജിഎൽ. അരുൺ ഗോപി അറിയിച്ചു. ഈ വർഷം അമ്മത്തൊട്ടിലുകളിലെത്തുന്ന 13-ാമത്തെ കുഞ്ഞും ആറാമത്തെ പെൺകുഞ്ഞുമാണ് “സഹസ്രിക”. കഴിഞ്ഞ ജൂൺ 4-ന് “ഹരിതാംശ്” എന്ന ആൺകുഞ്ഞിനെ ഇവിടെ ലഭിച്ചിരുന്നു.



