ഇഡി ആക്രമണക്കേസിലെ പ്രതികൾ പൊലീസ് സ്റ്റേഷനിൽ… ഗുരുതര വീഴ്ചയെന്ന് അന്വേഷണ റിപ്പോർട്ട്

തിരുവനന്തപുരം: മ്യൂസിയം പൊലീസ് സ്റ്റേഷനിൽ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികൾ ഓണാഘോഷത്തിൽ പങ്കെടുത്ത സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് പുറത്ത്. മ്യൂസിയം സ്റ്റേഷനിലെ ഉദ്യോഗസ്ഥരുടെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടായെന്നാണ് സ്പെഷ്യൽ ബ്രാഞ്ചിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട്. പ്രതികൾക്ക് പൊലീസ് ഉദ്യോഗസ്ഥർ ഒത്താശ ചെയ്തോ എന്നതടക്കമുള്ള കാര്യങ്ങളിൽ വിശദമായ അന്വേഷണം വേണമെന്നും റിപ്പോർട്ടിൽ ശുപാർശ ചെയ്യുന്നു. എന്നാൽ പ്രതികൾക്ക് പൊലീസ് വസ്ത്രങ്ങൾ വാങ്ങി നൽകിയിട്ടില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

സംഭവത്തിൽ സിറ്റി പൊലീസ് കമ്മീഷണർ ഇന്ന് വിശദമായ അന്വേഷണത്തിന് ഉത്തരവിടും. പാളയത്തെ കല്യാൺ ടെക്സ്റ്റൈൽസിൽനിന്ന് മ്യൂസിയം സ്റ്റേഷൻ 68 ഷർട്ടുകളാണ് വാങ്ങിയത്. ഷർട്ടുകൾ വാങ്ങിയതിന്റെ രേഖകളും പൊലീസുകാരുടെ പട്ടികയും പരിശോധിച്ചു. പൊലീസ് ഉദ്യോഗസ്ഥർ ധരിച്ച ഷർട്ടുകൾക്കും പ്രതികളുടെ വസ്ത്രങ്ങൾക്കും സാമ്യമുണ്ടെങ്കിലും നിറത്തിലും രൂപത്തിലും വ്യത്യാസമുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. എസ്എച്ച്ഒ പ്രശാന്ത് സ്റ്റേഷനിലെത്തുമ്പോൾ പ്രതികൾ അവിടെയുണ്ടായിരുന്നു. പ്രതിയായ ഉണ്ണിയോട് സ്റ്റേഷന് മുന്നിൽവെച്ചും ഐപി ബിനുവിനോട് സ്റ്റേഷനുള്ളിൽവെച്ചും സംസാരിച്ചതായി റിപ്പോർട്ടിലുണ്ട്. കേസുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് സംസാരിച്ചതെന്നാണ് കണ്ടെത്തൽ. എസ്എച്ച്ഒ സ്റ്റേഷനിൽ ഉണ്ടായിരുന്ന സമയത്താണ് പ്രതികൾ സ്റ്റേഷന് പുറത്ത് റീലിന്റെ ബാക്കി ഭാഗം ചിത്രീകരിച്ചതെന്നും സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിൽ പറയുന്നു. പ്രതികളെ സ്റ്റേഷനിൽനിന്ന് പിരിച്ചുവിടുന്നതിൽ എസ്എച്ച്ഒയ്ക്കും മറ്റ് പൊലീസുകാർക്കും ഉത്തരവാദിത്വമുണ്ടായിരുന്നുവെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. സ്പെഷ്യൽ ബ്രാഞ്ചിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സിറ്റി പൊലീസ് കമ്മീഷണർ സ്വന്തം ശുപാർശകൾ ഉൾപ്പെടുത്തിയ റിപ്പോർട്ട് ഐജിക്ക് കൈമാറി. സംഭവത്തിൽ ഇനി വിശദമായ അന്വേഷണം നടക്കും.

Related Articles

Back to top button