ആലുവയില്‍ ഉപേക്ഷിച്ച നിലയില്‍ വാഹനം…വാഹനത്തിനുള്ളിൽ…

ആലുവയിൽ ഉപേക്ഷിച്ച നിലയിൽ കാർ കണ്ടെത്തി . ജനത്തിരക്കേറിയ ഷോപ്പിംഗ് സെന്ററിന് സമീപം ഗ്ലാസ് തകർന്ന നിലയിൽ കണ്ടെത്തിയ കാറാണ് നാട്ടുകാരെയും പോലീസിനെയും ഒരുപോലെ അമ്പരപ്പിച്ചിരിക്കുകയാണ്. സംശയാസ്പദമായ സാഹചര്യത്തിൽ നിർത്തിയിട്ടിരുന്ന കാർ സെക്യൂരിറ്റി ജീവനക്കാരും നാട്ടുകാരും ചേർന്ന് പരിശോധിച്ചപ്പോഴാണ് വിചിത്രമായ കാഴ്ചകൾ കണ്ടത്.
കാറിനുള്ളിൽ ജീവനുള്ള ഒരു താറാവിനെയും മുയലിനെയും കണ്ടെത്തി. സീറ്റിലും കാറിലുണ്ടായിരുന്ന ബാഗിനുള്ളിലുമായി ചുറ്റിക ഉൾപ്പെടെയുള്ള ആയുധങ്ങൾ ഒളിപ്പിച്ച നിലയിലായിരുന്നു. വാഹനത്തിന്റെ ഒരു വശത്തെ ചില്ല് തകർന്ന നിലയിലാണ്.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് നടത്തിയ അന്വേഷണത്തിൽ കാർ ആലുവ സ്വദേശിയുടേതാണെന്ന് തിരിച്ചറിഞ്ഞു. കാർ ഉടമ മാനസിക വെല്ലുവിളി നേരിടുന്ന വ്യക്തിയാണെന്നും, അദ്ദേഹം തന്നെയാണ് കാർ ഇത്തരത്തിൽ ഉപേക്ഷിച്ചതെന്നുമാണ് പ്രാഥമിക നിഗമനം. എങ്കിലും കാറിനുള്ളിൽ ആയുധങ്ങളും പക്ഷികളെയും മൃഗങ്ങളെയും കണ്ടെത്തിയ സാഹചര്യത്തിൽ പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.



