വീട്ടുമുറ്റത്ത് കെട്ടിയിട്ടിരുന്ന പോത്തിനെ മോഷ്ടിച്ച് ചന്തയിൽ വിൽക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ

വീട്ടുമുറ്റത്ത് കെട്ടിയിട്ടിരുന്ന പോത്തിനെ മോഷ്ടിച്ച് ചന്തയിൽ വിൽക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ. കുന്നംകുളം ചിറമനങ്ങാട് സ്വദേശി രഹ്‌നാസാണ് പിടിയിലായത്. പോത്തിനെ വാണിയംകുളം ചന്തയിൽ വിൽക്കാനുള്ള ശ്രമത്തിനിടെയാണ് പിടിച്ചത് . കച്ചവടക്കാരും,  നാട്ടുകാരും ചേർന്നാണ് യുവാവിനെ പിടികൂടി ഒറ്റപ്പാലം പോലീസിൽ ഏൽപ്പിച്ചത്.

ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം. പട്ടാമ്പി നമ്പ്രം കീഴായൂർ സ്വദേശി അഷറഫിന്റെ പോത്തിനെയാണ് യുവാവ് മോഷ്ടിച്ചത്. പുല്ലും,  വെള്ളവും നൽകി  വീട്ടുമുറ്റത്ത് കെട്ടിയിട്ട പോത്തിനെ യുവാവ് റെയിൽവേ  പാളത്തിലൂടെയും,  ഇടവഴികൾ താണ്ടിയും രണ്ട് കിലോമീറ്റർ നടത്തിച്ച് ഉമിക്കുന്നിൽ എത്തിച്ചു. പിന്നീട് അവിടെനിന്നും വാടകക്ക് വിളിച്ച പിക്കപ്പിൽ കയറ്റി വാണിയംകുളം ചന്തയിലേക്കും കൊണ്ടുപോയി.

 ഇതിനിടയിലാണ് യാദൃശ്ചികമായി മേലെപട്ടാമ്പിയിൽനിന്ന് പോത്തിനെ കടത്തിക്കൊണ്ടുപോവുകയായിരുന്ന വാഹനം, ഉടമ അഷറഫിന്റെ ശ്രദ്ധയിൽപെട്ടിരുന്നു. പോത്തിനെ കണ്ട് സംശയം തോന്നിയ അഷറഫ് വീട്ടിലെത്തി നോക്കിയപ്പോൾ കെട്ടിയിട്ട സ്ഥലത്ത് പോത്തിനെ കാണാനായില്ല. തുടർന്ന് അന്വേഷിച്ചപ്പോളാണ് അഷ്‌റഫിന്റെ പോത്തിനെ തന്നെയാണ് കണ്ടതെന്ന് മനസിലായത്. പോത്ത് മോഷ്ടിക്കപ്പെട്ടതായി ഉറപ്പിച്ച അദ്ദേഹം ഉടൻ തന്നെ ആൾ കേരള കാറ്റിൽ മർച്ചന്റ് വെൽഫെയർ അസോസിയേഷന്റെ വാട്‌സ്ആപ് ഗ്രൂപ്പിൽ വാഹനത്തിന്റെ വിവരങ്ങൾ സന്ദേശമായി നൽകി. കൂടാതെ പട്ടാമ്പി പോലീസിൽ പരാതിയും സമർപ്പിച്ചു. ഇതിനിടെ കച്ചവടക്കാരും നാട്ടുകാരും ചേർന്ന് മോഷ്ടാവിനെ പിടികൂടിയിരുന്നു.

Related Articles

Back to top button