സുഹൃത്തിനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തി… രക്ഷപ്പെടാൻ ഓടുന്നതിനിടെ ട്രെയിൻ തട്ടി യുവാവ് മരിച്ചു

കണ്ണൂർ: സുഹൃത്തിനെ ക്രൂരമായി ആക്രമിച്ച ശേഷം രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ യുവാവ് ട്രെയിൻ തട്ടി മരിച്ചു. പാപ്പിനിശ്ശേരി സ്വദേശി ഷെഫീഖ് ആണ് മരിച്ചത്. ഷെഫീഖിന്റെ അടിയേറ്റ് ഗുരുതരമായി പരിക്കേറ്റ സുഹൃത്ത് പ്രശാന്തൻ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
വിദേശത്ത് ജോലി ചെയ്തിരുന്ന ഷെഫീഖ് അടുത്തിടെയാണ് നാട്ടിലെത്തിയത്. ഒരു കട തുടങ്ങാനുള്ള തയ്യാറെടുപ്പിനിടെ, അവിടുത്തെ ഇലക്ട്രിക് ജോലികൾ ചെയ്തിരുന്നത് പ്രശാന്തനായിരുന്നു. ഇന്ന് രാവിലെ പ്രശാന്തനെ കാണാൻ ഷെഫീഖ് വീട്ടിലെത്തി. വീട്ടിലെത്തിയ ഷെഫീഖ് കുടിക്കാൻ വെള്ളം ആവശ്യപ്പെട്ടു. വെള്ളം എടുക്കാനായി പ്രശാന്തൻ അകത്തേക്ക് പോയി തിരികെ വന്ന സമയത്താണ്, അവിടെയിരുന്ന ചുറ്റിക കൊണ്ട് ഷെഫീഖ് പ്രശാന്തന്റെ തലയ്ക്ക് ആഞ്ഞടിച്ചത്.
പ്രശാന്തൻ ചോര വാർന്ന് വീണതോടെ വീട്ടുകാരും അയൽവാസികളും ഓടിക്കൂടി. ഈ സമയം സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഷെഫീഖ് റെയിൽവേ പാളം മുറിച്ചുകടക്കുന്നതിനിടെ ട്രെയിൻ തട്ടുകയായിരുന്നു. ഷെഫീഖ് സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു. ഏറെക്കാലമായി അടുത്ത സുഹൃത്തുക്കളായിരുന്ന ഇവർക്കിടയിൽ പെട്ടെന്നുണ്ടായ ഈ ആക്രമണത്തിന്റെ കാരണം വ്യക്തമല്ല. വളപട്ടണം പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. ആക്രമണത്തിന് പിന്നിലെ പ്രകോപനമെന്താണെന്നതിനെക്കുറിച്ച് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



